ലോകത്തിനുമുന്നിൽ ഇന്ത്യയ്ക്ക് തലയെടുപ്പ് നൽകുന്ന പ്രദേശമാണ് ജമ്മു കാശ്മീർ. ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കാശ്മീർ പക്ഷേ അശാന്തി നിറഞ്ഞ വാർത്തകളിലാണ് പലപ്പോഴും ഇടംപിടിക്കാറ്. എന്നാൽ കാണുന്നവരുടെയെല്ലാം മനസ് നിറയ്ക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കാശ്മീരിൽ നിന്നുള്ള ഈ വീഡിയോ ആറ് ലക്ഷത്തോളം പേരാണ് ഇതിനകം കണ്ടത്.
ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നാണ് ഈ വീഡിയോ. പ്രദേശവാസികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സൈനികോദ്യോഗസ്ഥനാണ് വീഡിയോയിലുള്ളത്. സൈന്യത്തിലെ ആർആർ എന്നറിയപ്പെടുന്ന 44 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് ഇത്. ജമ്മു കാശ്മീരിലെ കലാപങ്ങളെ നേരിടുന്നതിൽ വൈദഗ്ധ്യം നേടിയ സൈനിക യൂണിറ്റാണ് ഇത്.
‘കാശ്മീരിലെ ഷോപ്പിയാനിലെ ഇന്ത്യൻ സൈന്യം നാട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നു. കാശ്മീരിൽ ജനങ്ങളും സൈനികരും തമ്മിലുള്ള സൗഹൃദം ഓരോ നിമിഷവും സുദൃഢമാകുകയാണ്. നേരത്തേ ഇത് അസാധ്യമെന്ന് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ യുവാക്കൾ മനസിലാക്കുന്നു സൈന്യം ചെയ്യുന്നതെല്ലാം തങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്ന്.’ -എക്സിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്റ് ചെയ്തതും. ’44 രാഷ്ട്രീയ റൈഫിൾസ് രജ്പുത് റെജിമെന്റ്. അവരുടേത് വേറെ ലെവൽ ഓറയാണ്’ -ഇതായിരുന്നു ഒരാളുടെ കമന്റ്. സുരക്ഷാസേനകളും മാധ്യമപ്രവർത്തകരും കോർപ്പറേറ്റ് സ്ഥാപനങ്ങളുമെല്ലാം തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ കൂടുതലായി കാശ്മീരിൽ സംഘടിപ്പിക്കണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.