കശ്മീരിലേക്കും പാകിസ്ഥാനാലേക്കുമുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം. ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള സിംഗപ്പൂര്‍ സ്വദേശികള്‍ സുരിക്ഷിതരായി ഇരിക്കണമെന്നും നിര്‍ദേശമുണ്ട്. അതിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് യുക്രെയന്‍ ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും യുക്രെയന്റെ പിന്തുണയുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരം വീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ അറബ് രാഷ്ട്രങ്ങളും ഇന്ത്യ-പാക്കിസ്ഥാൻ സ്ഥിതി വഷളാവുന്നതിൽ ആശങ്ക രേഖപ്പെടുത്തി. സംഘർഷത്തിലേക്ക് നീങ്ങാതെ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം കാണണമെന്നാണ് രാഷ്ട്രങ്ങളെല്ലാം ആവശ്യപ്പെട്ടത്.
ദക്ഷിണേഷ്യൻ മേഖലയിലും ലോകത്താകെയും സമാധാനത്തിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉചിതമാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് ചൂണ്ടിക്കാട്ടി. സൈനിക പരിഹാരങ്ങൾക്ക് പകരം ചർച്ചകളിലൂടെ പരിഹാരം കാണുകയും ദക്ഷിണേഷ്യയിൽ സ്ഥിരത ഉറപ്പാക്കുകയുമാണ് വേണ്ടത്. സമാധാനപരമായ പരിഹാരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും യുഎഇ അറിയിച്ചു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും പാക്ക് പ്രധാനമന്ത്രിയുമായും ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കുവൈത്തും ഒമാനും സമാന നിലപാടാണ് ഇന്ന് വ്യക്തമാക്കിയത്. ഇന്ത്യയുമായും പാക്കിസ്ഥാനുമായും നയതന്ത്രപരമായി ഉൾപ്പടെ അടുത്ത ബന്ധമുള്ള രാഷ്ട്രങ്ങളാണ് മിഡിൽ ഈസ്റ്റിലെ പ്രധാന അറബ് രാഷ്ട്രങ്ങൾ.



