കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിശദമായ പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരുവന്നൂർ ബാങ്കിൽ. ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കം. അതിന് മുന്നോടിയായി ബാങ്കിലെത്തി മേൽവിലാസം ശേഖരിച്ചു. കരുവന്നൂർ ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ള നിരവധി പേർക്ക്  തട്ടിപ്പ് നടന്ന കാലത്ത് വായ്പ അനുവദിച്ചിരുന്നു. എടുത്ത വായ്പയ്ക്കുള്ള മൂല്യം ഭൂമിക്കില്ലെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിരുന്നു.

കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ആവശ്യപ്പെടും. പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തൽ. എന്നാൽ ജാമ്യ നൽകിയതിനെതിരെ അപ്പീൽ നൽകാൻ ആലോചനയില്ല. സിപിഎം നേതാവും വ‍ടക്കാഞ്ചേരി നഗരസഭാംഗവുമായ പി ആർ അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്‍റ് സികെ ജിൽസ് എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ടുളള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരമർശമുള്ളത്.