ബോളിവുഡിൽ അവസരങ്ങൾ നഷ്ടപ്പെട്ടെന്നും അതിൽ വർഗീയ കാരണങ്ങൾ ഉണ്ടാവാമെന്നുമുള്ള എ.ആർ. റഹ്മാന്റെ പരാമർശം വിവാദമായതിൽ പ്രത്കരണവുമായി അദ്ദേഹത്തിന്റെ മക്കളായ ഖദീജയും റഹീമയും രംഗത്തെത്തി. പിതാവിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോൾ മാന്യത കൈവിടരുതെന്നും അവർ ആവശ്യപ്പെട്ടു. റഹ്മാനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഇരുവരും പിതാവിന് പിന്തുണയുമായെത്തിയത്.

കഴിഞ്ഞദിവസമാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ എ.ആർ. റഹ്മാന് പിന്തുണയുമായെത്തിയത്. വിയോജിക്കാം, അവഹേളിക്കരുത് എന്ന തലക്കെട്ടിലെഴുതിയ ഒരു കുറിപ്പാണ് അദ്ദേഹം കഴിഞ്ഞദിവസം പങ്കുവെച്ചത്. എ.ആർ. റഹ്‌മാനെ വിമർശിക്കുന്നവർ ഒരു അടിസ്ഥാന കാര്യം മനസ്സിലാക്കുന്നില്ല. അദ്ദേഹം തൻ്റെ തോന്നലുകളാണ് പറഞ്ഞത്. അത് അദ്ദേഹത്തിൻ്റെ അവകാശമാണെന്നും കൈലാസ് പറഞ്ഞു.

“അദ്ദേഹത്തോട് നിങ്ങൾക്ക് വിയോജിക്കാം, പക്ഷേ അദ്ദേഹത്തിൻ്റെ അനുഭവം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല. ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരനെ ‘അപമാനം’ എന്ന് വിളിക്കുന്നതും, അദ്ദേഹത്തിൻ്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിൻ്റെ സമീപകാല സൃഷ്ടികളെ പരിഹസിക്കുന്നതും അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളെ ‘ഇരവാദം’ ആയി ചുരുക്കുന്നതും വിമർശനമല്ല. ഇന്ത്യൻ സംഗീതത്തെ ലോകമെമ്പാടും എത്തിച്ച, രാജ്യത്തെ അഭിമാനത്തോടെ പ്രതിനിധീകരിച്ച, തൻ്റെ സൃഷ്ടികളിലൂടെ തലമുറകളെ രൂപപ്പെടുത്തിയ മനുഷ്യനാണ് അദ്ദേഹം.” -കൈലാസിന്റെ വാക്കുകൾ.

Screenshot

കൈലാസിന്റെ കുറിപ്പിന് കയ്യടിച്ചുകൊണ്ട് ഖദീജ റഹ്മാൻ കഴിഞ്ഞദിവസം തന്നെ തന്റെ പ്രതികരണം അറിയിച്ചിരുന്നു. തുടർന്ന് ഇവർ ഈ കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു. ഇതേ പോസ്റ്റ് റഹീമയും ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലെ എ.ആർ. റഹ്മാന്റെ പരാമർശങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ബോളിവുഡിലെ അധികാരഘടനയിൽ മാറ്റമുണ്ടായി. അധികാരത്തിലുള്ളവർ സർഗാത്മകതയില്ലാത്തവരാണ്. ചിലപ്പോൾ അതിന് പിന്നിൽ വർഗീയ മാനങ്ങളുമുണ്ടാവാമെന്നുമാണ് റഹ്‌മാൻ പറഞ്ഞത്. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് അദ്ദേഹം നേരിട്ടത്. തുടർന്ന് ഒരു വീഡിയോയിലൂടെ വിശദീകരണവുമായി റഹ്മാൻ രംഗത്തെത്തി.

“സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണ്‌. ഇന്ത്യ എൻ്റെ പ്രചോദനമാണ്, എൻ്റെ ഗുരുവും എൻ്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസ്സിലാക്കിയേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ എൻ്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എൻ്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.”- വിവാദത്തേക്കുറിച്ച് റഹ്മാൻ പറഞ്ഞതിങ്ങനെ.