ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഒരു മുന്‍ എംഎല്‍എയുടെ മകന് എങ്ങനെയാണ് ആശ്രിത നിയമനം നല്‍കാനാകുക എന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടത്.

പ്രശാന്ത് സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച്‌ പിടിക്കരുതെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചു.

2018 ജനുവരിയിലായിരുന്നു കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ആശ്രിത നിയമനം നല്‍കിയത്
കേരള സബോഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച്‌ ഇത്തരത്തിലൊരു നിയമനം നടത്താന്‍ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എംഎല്‍എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്‌.