ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ജോ ബൈഡന്‍റെ അവസാന ഔദ്യോഗിക അഭിസംബോധന ജനുവരി 15 ന് നടക്കും. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തിരുന്നുകൊണ്ട് ബൈഡന് എന്താകും പറയാനുള്ളത് എന്ന ആകാംക്ഷയിലാണ് ലോകം.

ട്രംപ് അധികാരത്തിലേറുന്നതിന് 5 ദിവസം മുന്നേയാണ് ബൈഡന്‍റെ അവസാന ഔദ്യോഗിക അഭിസംബോധന എന്നതും ശ്രദ്ദേയമാണ്. ജനുവരി 15 ന് അമേരിക്കൻ സമയം രാത്രി 8 മണിക്കാകും ബൈഡന്റെ വിടവാങ്ങൽ പ്രസംഗം. തന്റെ ഭരണകാലയളവിലെ നേട്ടങ്ങൾ മാത്രമല്ല, തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് അക്കമിട്ടുള്ള മറുപടിയും ബൈഡന്‍റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. 

ജനുവരി 20 നാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായി വീണ്ടും അധികാരമേൽക്കുക. രണ്ടാം സ്ഥാനാരോഹണ ചടങ്ങ് അത്യാഢംബരമാക്കാനുള്ള നീക്കത്തിലാണ് ട്രംപ് എന്നാണ് വ്യക്തമാകുന്നത്. സ്ഥാനാരോഹണ ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗ് അടക്കമുള്ളവരെ ട്രംപ് ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.