വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ പ്രതിയെ മുഹമ്മ പൊലിസ് പിടികൂടി. മുഹമ്മ സ്വദേശികളായ ദമ്പതികളുടെ പരാതിയിൽ കണ്ണൂർ അഴീക്കോട് അഞ്ചക്കാരൻ വീട്ടിൽ മിഥിലാജ്(33)ആണ് പിടിയിലായത്.
സൗദി അറേബ്യയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച് കൈക്കലാക്കിയെന്നാണ് പരാതി. മുഹമ്മയിലെ ഒരു ഹോട്ടലിൽ മാനേജരായി ജോലി നോക്കിയ പ്രതി ഇവിടെ സ്ഥിരമായി വന്നിരുന്ന പരാതിക്കാരനുമായി പരിചയത്തിലായ ശേഷമാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന്റെ കയ്യിൽ നിന്ന് പലതവണകളായി അഞ്ച് ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്. പണം കൈമാറിയ ശേഷം വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ മുഹമ്മ പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവേ ഒളിവിൽ പോയ പ്രതിയെ കണ്ണൂർ അഴീക്കോട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മ പൊലിസ് ഇൻസ്പെക്ടർ എം.ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ലാലി തോമസ്,മനോജ് കൃഷ്ണൻ, സി.പി.ഒ നന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.