പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേഷ്. മണിപ്പൂരിലേക്കുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു സംഘത്തിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇതുവരെ കലാപബാധിത സംസ്ഥാനം സന്ദര്‍ശിക്കാഞ്ഞതിനെ അദ്ദേഹം ചോദ്യം ചെയ്തത്. 

മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പോയ ആറ് ജഡ്ജിമാരെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 22 മാസത്തിനിടെ നൂറുകണക്കിന് ആളുകള്‍ മരിച്ചുവെന്നും 60,000 ത്തോളം പേര്‍ കുടിയിറക്കപ്പെട്ടുവെന്നും ഷെല്‍ട്ടര്‍ ഹോമുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഫെബ്രുവരി 13 ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി, പക്ഷേ ചോദ്യം ഉയര്‍ന്നുവരുന്നു: 2023 ഓഗസ്റ്റ് 1 ന് സുപ്രീം കോടതി തന്നെ മണിപ്പൂരിലെ ഭരണഘടനാ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് പറഞ്ഞതിനുശേഷവും, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ 18 മാസമെടുത്തു? സുപ്രീം കോടതി ജഡ്ജിമാര്‍ പോയത് നല്ലതാണ്, പക്ഷേ പ്രധാനമന്ത്രി എപ്പോള്‍ സന്ദര്‍ശിക്കുമെന്നതാണ് ഏറ്റവും വലിയ ചോദ്യം?’ രമേഷ് ചോദിച്ചു.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത്, വിക്രം നാഥ്, എം.എം. സുന്ദരേഷ്, കെ.വി. വിശ്വനാഥന്‍, എന്‍. കോടീശ്വര്‍ എന്നിവരുള്‍പ്പെടെ സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു സംഘം മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു.