ഗാസയിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ബന്ദികളായി തുടരുന്ന ഇസ്രായേലികളുടെ, ക്ഷീണിതാവസ്ഥയിൽ കാണപ്പെടുന്ന വീഡിയോകൾ കണ്ട് അപലപിച്ച് പാശ്ചാത്യരാജ്യങ്ങളിലെ നേതാക്കൾ. തടവിൽ കഴിയുന്നവരുടെ അവസ്ഥ മനസ്സിലാക്കുന്നതിനായി എല്ലാവരെയും കാണാൻ റെഡ് ക്രോസ് ആഹ്വാനം ചെയ്തു. അതേസമയം വീഡിയോ പ്രചാരണത്തിനായി ബന്ദികളെ പരേഡ് ചെയ്യിക്കുന്നതിന്റെ ചിത്രങ്ങൾ അസ്വസ്ഥത ഉളവാക്കുന്നുവെന്നും അവരെ നിരുപാധികം വിട്ടയയ്ക്കണമെന്നും യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹമാസ് പിടിയിലായ എവ്യാതർ ഡേവിഡിന്റെ, വളരെയധികം ക്ഷീണിതനായ രൂപത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതോടെ, ബന്ദികളെ  ഹമാസ് പട്ടിണിക്കിട്ടിരിക്കുകയാണെന്ന് ഇസ്രായേൽ നേതാക്കൾ ആരോപിച്ചു. എന്നാൽ ഗാസയിലെ പട്ടിണി പ്രതിസന്ധിക്കിടയിൽ തങ്ങളുടെ പോരാളികളും ജനങ്ങളും കഴിക്കുന്നതാണ് ബന്ദികളും കഴിക്കുന്നതെന്നുപറഞ്ഞ്, തടവുകാരെ മനഃപൂർവം പട്ടിണിയിലാക്കുന്നില്ല എന്ന് ഹമാസിന്റെ സായുധവിഭാഗം പറയുന്നു.

വീഡിയോകൾ പുറത്തുവന്നതിനു ശേഷം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രണ്ടു ബന്ദികളുടെ കുടുംബങ്ങളുമായി സംസാരിച്ചു. “എന്റെ ദുഃഖം  അറിയിക്കുകയും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യും” – അദ്ദേഹം പറഞ്ഞു. “ബന്ദികളെ തടവിലാക്കിയിരിക്കുന്നതിന്റെയും അവരുടെ ജീവനു ഭീഷണിയായ സാഹചര്യങ്ങളുടെ വ്യക്തമായ തെളിവുകളും നൽകുന്ന വീഡിയോകൾ കണ്ട് അമ്പരന്നുപോയി” എന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ഐ സി ആർ സി) പറഞ്ഞു.