“ഗാസയിൽ എന്താണ് സംഭവിക്കുന്നതെന്നും അവരുടെ വിശപ്പിനെക്കുറിച്ചും ആളുകൾ ധാരാളം സംസാരിക്കുന്നു. വിശപ്പിനെക്കുറിച്ചു സംസാരിച്ച എല്ലാവരോടും ഞാൻ ചോദിക്കട്ടെ, നിങ്ങൾ ഞങ്ങളുടെ റോമിനെ കണ്ടോ? അവനു ഭക്ഷണം ലഭിക്കുന്നില്ല, മരുന്ന് ലഭിക്കുന്നില്ല. എല്ലാവരും അദ്ദേഹത്തെ മറന്നുപോയി. ആറുമിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ. പക്ഷേ, 664 ദിവസമായി റോം അവിടെയുണ്ട്” – ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി പൗരൻ റോം ബ്രാസ്ലാവ്സ്കിയുടെ വീഡിയോ പലസ്തീൻ ഇസ്ലാമിക് ജിഹാദ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. തീർത്തും മെലിഞ്ഞും അവശനുമായിട്ടാണ് റോം ബ്രാസ്ലാവ്‌സ്‌കി ആ ദൃശ്യങ്ങളിൽ കാണപ്പെട്ടത്.
“അവർക്ക് റോമിനെ തകർക്കാൻ കഴിഞ്ഞു. ഏറ്റവും ശക്തനായ വ്യക്തിക്കുപോലും തകർച്ചയുടെ ഒരു ഘട്ടമുണ്ട്. എല്ലാ ബന്ദികളുടെയും പ്രതിനിധിയും ഉദാഹരണവുമാണ് റോം. അവരെയെല്ലാം ഇപ്പോൾ വീട്ടിലേക്കു കൊണ്ടുവരണം” – അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.
അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഒരു അടിയന്തര കൂടിക്കാഴ്ച റോമിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. “എനിക്ക് അവനെ ഇപ്പോൾതന്നെ വീട്ടിലേക്കു കൊണ്ടുവരണം. അവർ അവന്റെ താടി മുറിച്ചുമാറ്റി. അവൻ ശക്തനാണെന്ന് ഞങ്ങൾ പറഞ്ഞതുകൊണ്ട്, അവൻ ശക്തനല്ലെന്ന് അവർ കാണിക്കുന്നു. അവന് എത്ര അടി കിട്ടിയെന്ന് എനിക്കറിയാം. റോം കരയുന്നില്ലെന്ന് എനിക്കറിയാം. അവൻ കരയുന്നുണ്ടെങ്കിൽ, അത് അവനെ പീഡിപ്പിച്ചതുകൊണ്ടാണ്. അവൻ എങ്ങനെ മെലിഞ്ഞിരിക്കുന്നുവെന്ന് നോക്കൂ; ഒരു ചുള്ളിക്കമ്പുപോലെ ആയിട്ടുണ്ട് അവൻ” – റോമിന്റെ അമ്മ പറയുന്നു.
അവൻ എളിമയുള്ളവനും ജീവിതത്തെയും സംഗീതത്തെയും സ്നേഹിച്ചിരുന്നവനുമാണെന്നാണ് കുടുംബം പറയുന്നത്. ചോക്ലേറ്റും ഓറിയോയും അവന് ഇഷ്ടമായിരുന്നു. അവൻ വീട്ടിലുണ്ടായിരുന്നെങ്കിലെന്ന് അവർ ആഗ്രഹിക്കുന്നു. റോമിന്റെ തിരിച്ചുവരവിനായി ഇവർ കാത്തിരിക്കുകയാണ്. “ഇതിന് നല്ലൊരു അന്ത്യമുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” – റോമിന്റെ സഹോദരൻ പറഞ്ഞു.
വീഡിയോയിൽ, മുഖം മങ്ങിക്കാണപ്പെടുന്ന റോം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഒരു കരാറിനെക്കുറിച്ചു സംസാരിച്ചു. ഒക്ടോബർ ഏഴിന് തട്ടിക്കൊണ്ടുപോകപ്പെട്ട റോം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്, അദ്ദേഹത്തിന്റെ ശരീരത്തിൽ ചൊറിച്ചിലും വേദനയുമുണ്ടെന്നും രോഗം എന്താണെന്ന് അറിയില്ലെന്നുമാണ്.
2023 ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ജോലിചെയ്യുകയായിരുന്നു റോം. ഡോക്ടർ ആയിരുന്ന അദ്ദേഹം ജെറുസലേമിലാണ് താമസിച്ചിരുന്നത്. തീവ്രവാദികൾ ആക്രമിച്ചപ്പോൾ, ഒരു ഡോക്ടർ എന്ന നിലയിൽ പരിക്കേറ്റവരെ അദ്ദേഹം സഹായിച്ചു. ആക്രമണത്തിനിടെ അദ്ദേഹത്തിന്റെ രണ്ടു കൈകൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. തട്ടിക്കൊണ്ടുപോയതിനു ശേഷം രണ്ടുമാസത്തേക്ക് അദ്ദേഹത്തെ ആരാണ് കൊണ്ടുപോയതെന്നോ, ഭീകരർ കൊലപ്പെടുത്തിയ 1200 പേരിൽ അവനും ഉൾപ്പെട്ടിരുന്നോ എന്നുപോലും അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയില്ലായിരുന്നു. തടവിലായിരുന്ന സമയത്ത് അദ്ദേഹം എവിടെയായിരുന്നു എന്നതിനെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.
ഗാസയിലെ പട്ടിണിയുടെ കഥകൾ ലോകമെങ്ങും ചർച്ച ചെയ്യപ്പെടുമ്പോൾ തമസ്കരിക്കപ്പെട്ട ബന്ദികളുടെ അവസ്ഥ എന്താണെന്നതിന്റെ നേർചിത്രമാണ് ഇത്.



