ടെൽ അവീവ്/വാഷിങ്ടൺ: അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇസ്രായേലിൽ നിന്ന് മടങ്ങാൻ യുഎസ് അനുമതി നൽകി. ഇറാനിൽ അമേരിക്കാൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി ജീവനക്കാർക്ക് ഇത്തരത്തിലൊരു സന്ദേശം അയക്കുന്നത്. ‘രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് തന്നെ അങ്ങനെ ചെയ്യണം’ എന്നും യുഎസ് അംബാസിഡർ അയച്ച ഇ-മെയിൽ സന്ദേശത്തിലുണ്ടായിരുന്നു.

അതേസമയം പരിഭ്രാന്തരാകേണ്ടതില്ലെന്നും വലിയൊരു ജാഗ്രത കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദേശപ്രകാരമാണ് യുഎസ് അംബാസിഡർ ജീവനക്കാർക്ക് ഇത്തരമൊരു സന്ദേശം അയച്ചത്.

വിമാന ടിക്കറ്റുകൾക്ക് ഡിമാൻഡ് ഉണ്ടാകാനുള്ള സാധ്യതയും സന്ദേശത്തിലുണ്ട്. പോകുന്നുവെങ്കിൽ രാജ്യത്ത് നിന്ന് വേഗത്തിൽ പുറത്തുകടക്കുന്നതായിരിക്കണം പ്രഥമ പരിഗണന വേണ്ടതെന്നും ഇതിൽ പറയുന്നു. ഇസ്രയേലിലേക്കുള്ള യാത്ര പുനഃപരിശോക്കണമെന്ന് വെള്ളിയാഴ്ച യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ഇറാനെതിരെയുള്ള ഒരു സാധ്യമായ ആക്രമണത്തിന് മുന്നോടിയായി, പശ്ചിമേഷ്യയിലെ യുഎസ് സൈനിക വിന്യാസത്തിന്റെ ഭാഗമായി യുഎസ്എസ് ജെറാൾഡ് യുദ്ധ കപ്പൽ വടക്കൻ ഇസ്രായേലിൽ എത്തിക്കൊണ്ടിരിക്കുന്ന ദിവസം തന്നെയാണ് ഈ മുന്നറിയിപ്പുകൾ വന്നതെന്നും ശ്രദ്ധേയമാണ്. യുഎസ്എസ് ജെറാൾഡ് കൂടാതെ അമേരിക്കയുടെ ഡസൺ കണക്കിന് സ്റ്റെൽത്ത് എഫ് 22 ഫൈറ്റർ ജെറ്റുകളും ഇസ്രയേലി താവളങ്ങളിലെത്തിയിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.