ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഒരു ശതമാനത്തിലധികം വര്‍ധിച്ചു. ആക്രമണ നീക്കം മിഡില്‍ ഈസ്റ്റില്‍ എണ്ണ വിതരണത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വ്യാപാരത്തിനിടെ ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ജൂലൈ ഡെലിവറിക്ക് 86 സെന്‍റ് അഥവാ 1.32% ഉയര്‍ന്ന് ബാരലിന് 66.24 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 90 സെന്‍റ് അഥവാ 1.45% വര്‍ധിച്ച് 62.93 ഡോളറിലെത്തി.

സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രായേല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതായി പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഇസ്രായേല്‍ നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും, സംഘര്‍ഷ സാധ്യത വിപണിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന് പിന്നാലെ യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 2 ഡോളറിലധികവും ബ്രെന്‍റ് ഫ്യൂച്ചേഴ്സ് ഒരു ഡോളറിലധികവും കുതിച്ചുയര്‍ന്നു.ഒപെകിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദകരായ ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന ഏതൊരു ആക്രമണവും എണ്ണയുടെ വരവിനെ സാരമായി ബാധിക്കുകയും ഗള്‍ഫ് മേഖലയില്‍ വലിയ അസ്ഥിരതയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തടയുമോ എന്ന ആശങ്കയും വിപണിയില്‍ ഭയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി ഉള്‍പ്പെടെ ഏകദേശം 20% പെട്രോളിയവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇറാനുമായി ബന്ധപ്പെട്ട ഏതൊരു സൈനിക സംഘര്‍ഷവും എണ്ണ വിതരണത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും, പ്രത്യേകിച്ചും ഹോര്‍മുസ് കടലിടുക്ക് ഒരു സംഘര്‍ഷ മേഖലയായി മാറിയാല്‍ ഇത് രൂക്ഷമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

്അതിനിടെ കസാഖിസ്ഥാന്‍ മെയ് മാസത്തില്‍ എണ്ണ ഉത്പാദനം 2% വര്‍ദ്ധിപ്പിച്ചു . വിപണിയിലെ അസ്ഥിരതയ്ക്കിടെ വില കൂട്ടുന്നതിനായി ഉത്പാദനം കുറയ്ക്കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട ഒപെക് കരാറുകള്‍ക്ക് വിരുദ്ധമായാണ് കസാഖിസ്ഥാന്‍റെ ഈ നീക്കം.