ടെൽ അവീവ്: ഗാസയിൽ അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടെ വെടിവെപ്പ്. ഇസ്രായേൽ സേന വെടി ഉതിർത്തതായി റിപ്പോർട്ടുകൾ. എന്നാൽ വിശദീകരണവുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. നൽകിയ റൂട്ടിൽ നിന്ന് മാറിയാണ് സംഘം സഞ്ചരിച്ചത് എന്നാണ് വിശദീകരണം. സംഘത്തെ സ്ഥലത്ത് നിന്ന് മാറ്റാൻ മുന്നറിയിപ്പായി ആണ് വെടി ഉതിർത്തതെന്നും വിശദീകരണം.
അതേ സമയം, ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ് ഇസ്രായേൽ. ലോകത്തെ ഏറ്റവും വലിയ ദുരന്ത ഭൂമി ആയി ഗാസ മാറുമ്പോഴും അന്താരാഷ്ട്ര സമൂഹം കാഴ്ചക്കാർ മാത്രമാവുകയാണ്. ഒരു മാസത്തിനിടെ ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും അടക്കം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 3340 നിരപരാധികൾ ആണ് കൊല്ലപ്പെട്ടത്. ഗാസയെ പിടിച്ചടക്കി പൂർണ്ണ വിജയം നേടുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. പക്ഷെ ആ വിജയത്തിലേക്കുള്ള വഴികൾ ഓരോ ദിവസവും അതിക്രൂരം ആകുകയാണ്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സഭയടക്കം വിമർശിച്ചിട്ടും ഇസ്രയേലിന് കുലുക്കമില്ല.