യെമനിലെ ഹൂത്തി വിമതർക്കെതിരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, തങ്ങൾ ഹൂത്തികളെ സഹായിക്കുന്നില്ലെന്ന് ആവർത്തിച്ച് ഇറാൻ രംഗത്തെത്തി. ഹൂത്തികളുടെ പ്രവർത്തനങ്ങൾക്ക് ഇറാനെ ‘പൂർണ ഉത്തരവാദി’ ആക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ മുന്നറിയിപ്പിന് മറുപടിയായാണ് ഇറാന്റെ പ്രതികരണം. 

ഹൂത്തികളുടെ ആക്രമണങ്ങളിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ തലവൻ ജനറൽ ഹുസൈൻ സലാമി വ്യക്തമാക്കി. ഇസ്രായേലിനുള്ള പിന്തുണ അവസാനിപ്പിക്കാനും യെമനിലെ ജനങ്ങളെ കൊല്ലുന്നത് നിർത്താനും ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു.  ഇറാൻ്റെ വിദേശനയം അമേരിക്കയ്ക്ക് നിർദേശിക്കാൻ യാതൊരു അധികാരവുമില്ലെന്നും യുഎസ് വ്യോമാക്രമണം അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി എക്സിൽ കുറിച്ചു.

കഴിഞ്ഞ വർഷം ഇസ്രായേലിന് റെക്കോർഡ് തുകയായ 23 ബില്യൺ ഡോളർ നൽകിയതിന് ഇറാൻ വിദേശകാര്യ മന്ത്രി ബിഡൻ ഭരണകൂടത്തെ വിമർശിച്ചു. 60,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നും ഇതിന് അമേരിക്ക പൂർണമായും ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു.

യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 31 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ സാദ പ്രവിശ്യയിലെ രണ്ട് വീടുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ നാല് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായും വിമതർ വെളിപ്പെടുത്തി. ഇതിൻ്റെ ദൃശ്യങ്ങൾ ഹൂത്തികളുടെ ഉടമസ്ഥതയിലുള്ള അൽ-മസീറ ടിവി പുറത്തുവിട്ടിട്ടുണ്ട്. 

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹൂത്തികൾ ചെങ്കടലിൽ അന്താരാഷ്ട്ര കപ്പലുകളെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഗസ്സയിൽ ജനുവരിയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ഇസ്രായേൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞതിനെത്തുടർന്ന് ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂത്തികൾ ഈ മാസം ഭീഷണിപ്പെടുത്തിയിരുന്നു. 

ഹൂത്തികൾക്ക് ഇറാൻ സൈനിക സഹായം നൽകുന്നുണ്ടെന്ന് യുഎസും മറ്റ് രാജ്യങ്ങളും ദീർഘകാലമായി ആരോപിക്കുന്നുണ്ട്. ഹൂത്തികൾ പ്രധാനപ്പെട്ട കപ്പൽ പാതയിലൂടെയുള്ള ആക്രമണം അവസാനിപ്പിക്കുന്നത് വരെ ‘അതിശക്തമായ മാരകമായ ശക്തി’ ഉപയോഗിക്കുമെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. ഗസ്സയിൽ ഇസ്രായേൽ ഏറ്റവും ഒടുവിൽ ഉപരോധം ഏർപ്പെടുത്തിയതിന് മറുപടിയായി യെമൻ തീരത്ത് നിന്ന് ഇസ്രായേലി കപ്പലുകൾക്ക് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂത്തികൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. 

എന്നിരുന്നാലും അതിനുശേഷം ഹൂത്തികളുടെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ മുതൽ ഈ വർഷം ജനുവരിയിൽ ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വരുന്നതുവരെ ഹൂത്തികൾ 100 ലധികം വ്യാപാരി കപ്പലുകളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുകയും രണ്ട് കപ്പലുകൾ മുക്കുകയും നാല് നാവികർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ നേരത്തെ യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ ശനിയാഴ്ചത്തെ സൈനിക നടപടി യുഎസ് മാത്രമാണ് നടത്തിയത്. രണ്ടാം ട്രംപ് ഭരണകൂടത്തിന് കീഴിൽ ഹൂത്തികൾക്കെതിരായ ആദ്യത്തെ ആക്രമണം കൂടിയാണിത്.