പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, അമേരിക്കൻ സൈന്യത്തിന്റെ വിന്യാസം സംബന്ധിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു.
ഇറാന് മേലുള്ള എണ്ണ ഉപരോധം നീക്കുമോ അതോ അമേരിക്കൻ സൈന്യത്തെ നേരിട്ട് യുദ്ധത്തിനയക്കുമോ എന്ന ചോദ്യത്തിന്, തന്റെ തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്തില്ലെന്ന നിഗൂഢമായ മറുപടിയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നൽകിയത്. ‘ഞാൻ ഒരിടത്തേക്കും സൈന്യത്തെ വിന്യസിക്കുന്നില്ല’ എന്ന് പ്രാഥമികമായി വ്യക്തമാക്കിയ ട്രംപ്, എന്നാൽ തന്റെ അടുത്ത നീക്കങ്ങൾ എന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ലെന്ന് കൂട്ടിച്ചേർത്തു. എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തന്നെ അത് ആരോടും പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ട്രംപിന്റെ ഈ നിലപാട് മേഖലയിലെ സൈനിക നീക്കങ്ങളെക്കുറിച്ച് കൂടുതൽ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര നയതന്ത്ര തത്വങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ട്രംപിന്റെ പ്രതികരണം ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക പടർത്തുന്നുണ്ട്. ഇറാന്റെ നിലവിലെ ഭരണനേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ട്രംപ് വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. ഇറാന്റെ ഭരണകൂടം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും ലോകത്തിനും പ്രത്യേകിച്ച് പശ്ചിമേഷ്യയ്ക്കും ഇറാൻ വലിയൊരു ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. മിക്ക രാജ്യങ്ങളും ഈ കാര്യത്തിൽ തന്നോട് യോജിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനോ ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിനോ തനിക്ക് നാറ്റോ രാജ്യങ്ങളുടെയോ മറ്റ് സഖ്യകക്ഷികളുടെയോ സഹായം ആവശ്യമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. സഖ്യകക്ഷികളുടെ പിന്തുണ തേടാതെ ഏകപക്ഷീയമായി നീങ്ങാനുള്ള അമേരിക്കയുടെ ഈ തീരുമാനം ആഗോള നയതന്ത്ര രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും. അമേരിക്ക ഒറ്റയ്ക്ക് ഇറാനെതിരെ നീങ്ങിയാൽ അത് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും ഇടപെടലുകൾക്ക് വഴിവെച്ചേക്കുമെന്ന നിരീക്ഷണവും ശക്തമാണ്.
നിലവിൽ ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം ഇറാന്റെ സൈനിക-സാമ്പത്തിക ശേഷി തകർക്കുക എന്നതാണെന്നും അതിനായി അമേരിക്കൻ പ്രസിഡന്റ് ട്രംപും ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവും കൈകോർക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനെതിരെ യുഎസ് – ഇസ്റാഈൽ സഖ്യം കടന്നാക്രമണം തുടങ്ങിയിട്ട് ഇപ്പോൾ മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. യുദ്ധം വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ഭീതിയിലാണ് പശ്ചിമേഷ്യ.



