ഇറാൻ സംഘർഷം അവസാനിക്കാൻ 4 ആഴ്ച സമയം എടുക്കുമെെന്ന് യുഎസ്. പ്രസിഡന്റ് ഡോണാള്ഡ് ട്രംപ്. ഞായറാഴ്ച ഡെയ്ലി മെയിലിനു നൽകിയ ടെലഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. യുഎസ് ആസൂത്രണം ചെയ്തതുപോലെ ഇതുവരെ എല്ലാം സംഭവിച്ചെന്നും ഇറാൻ്റെ നേതൃത്വത്തിലുള്ള എല്ലാവരേയും ഇല്ലാതാക്കിയെന്നും ട്രംപ് പറഞ്ഞു.
യുഎസ് സൈനികരുടെ മരണത്തിന് “പ്രതികാരം” ചെയ്യുമെന്നും ഇറാനിയൻ ഭരണകൂടത്തിന് “ഏറ്റവും ശിക്ഷാർഹമായ പ്രഹരം” നൽകുമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. “യുദ്ധം പൂർണ്ണ ശക്തിയോടെ തുടരും, ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അത് തുടരും. നിർഭാഗ്യവശാൽ കൂടുതൽ യുഎസ് നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആയുധം താഴെവെച്ച് കീഴടങ്ങുക അല്ലെങ്കിൽ ഉറപ്പായും മരണം നേരിടേണ്ടി വരുമെന്ന് ഞാൻ വീണ്ടും ഇറാനിലെ റെവല്യൂഷണറി ഗാർഡുകളോട്, ഇറാനിയൻ മിലിട്ടറി പോലീസിനോട് പറയുന്നു. അത് നിശ്ചിത മരണമായിരിക്കും, അത് മനോഹരമായിരിക്കില്ല.”
ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ” തീർത്തും ശരിയാണ്” എന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി. “ആണവായുധങ്ങൾ കൊണ്ട് സായുധരായ രക്തദാഹികളായ ഭീകര ഭരണകൂടത്തെ” ഇല്ലാതാക്കേണ്ടത് ആവശ്യമായിരുന്നു. അസഹനീയമായ ഭീഷണികൾ ഇനി തുടരില്ല,” ട്രംപ് പറയുന്നു. “സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാ ഇറാനിയൻ ദേശസ്നേഹികളോടും ഈ നിമിഷം പ്രയോജനപ്പെടുത്താൻ ഞാൻ ആഹ്വാനം ചെയ്യുന്നു, ധൈര്യമായിരിക്കുക, വീരന്മാരാകുക, നിങ്ങളുടെ രാജ്യം തിരിച്ചുപിടിക്കുക. അമേരിക്ക നിങ്ങളോടൊപ്പമുണ്ട്.” ഇറാനിലെ ജനങ്ങളോട് ട്രംപ് നേരിട്ട് അഭ്യർത്ഥിച്ചു.
ഇറാനിയൻ ഉദ്യോഗസ്ഥരുമായി പ്രസിഡന്റ് ട്രംപ് പിന്നീട് സംസാരിക്കുമെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, എന്നാൽ ഇപ്പോൾ ആക്രമണങ്ങൾ തുടരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇപ്പോൾ, ഓപ്പറേഷൻ എപ്പിക് ഫ്യൂറി തടസ്സമില്ലാതെ തുടരും.” നേരത്തെ അറ്റ്ലാൻ്റിക്കിന് നൽകിയ അഭിമുഖത്തിൽ ഇറാനുമായി ചർച്ചയ്ക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞിരുന്നുന്നു.
ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 1,000-ത്തിലധികം ഇറാനിയൻ ലക്ഷ്യങ്ങൾ ആക്രമിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (സെൻട്രൽ കോം) പറഞ്ഞു. ഇറാൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ബാലിസ്റ്റിക് മിസൈൽ സൈറ്റുകൾ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ് (IRGC) സംയുക്ത ആസ്ഥാനം എന്നിവിടങ്ങളിലെല്ലാം ആക്രമണം നടന്നിട്ടുണ്ട്. – സെൻട്രൽ കോം വ്യക്തമാക്കി.



