ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: അമേരിക്ക-ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന പ്രസ്താവനകള്‍ പരസ്പരവിരുദ്ധവും കടുത്ത ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്ന് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന്റെ ലക്ഷ്യം, സമയം, കാരണം തുടങ്ങിയ കാര്യങ്ങളില്‍ ട്രംപും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും പലപ്പോഴായി നിലപാട് മാറ്റുകയാണ്.

അമേരിക്കയ്ക്ക് പരിധിയില്ലാത്ത ആയുധശേഖരമുണ്ടെന്നും എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യാമെന്നും ട്രംപ് അവകാശപ്പെടുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ആയുധ നിര്‍മ്മാണം അടിയന്തരമായി വര്‍ദ്ധിപ്പിക്കാന്‍ പ്രതിരോധ കമ്പനികള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇറാന്റെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ സംവിധാനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇറാന്‍ നേതൃത്വത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും ഇത്തരത്തില്‍ തന്നെയാണ്. ഇറാനിലെ ഉന്നത നേതാക്കളെ വധിച്ചുവെന്നും ഇതോടെ അവരുടെ ഭരണത്തുടര്‍ച്ച ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ ഇറാന്‍ തിരഞ്ഞെടുത്തു. കൂടാതെ, ഇറാനില്‍ ഭരണമാറ്റം വന്നാല്‍ പകരക്കാരായി അമേരിക്ക കണ്ടുവെച്ചിരുന്നവരെയാണ് ആദ്യ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയതെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ ഭരണകൂടത്തിനുള്ളിലെ പാളിച്ചകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂണില്‍ നടന്ന ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തുവെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. അതുപോലെ തന്നെ ഇറാന്‍ ആദ്യം ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതിനാലാണ് അമേരിക്ക ആക്രമണം നടത്തിയതെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന് നേരെയുണ്ടാകാന്‍ സാധ്യതയുള്ള തിരിച്ചടി ഒഴിവാക്കാനാണ് ഇസ്രായേല്‍ ആക്രമണത്തില്‍ അമേരിക്ക പങ്കുചേര്‍ന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഇറാന്‍ ആദ്യം ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നില്ലെന്ന് പെന്റഗണും അറിയിച്ചു.

ഭരണമാറ്റവും യുദ്ധത്തിന്റെ സമയക്രമവും തമ്മിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ആദ്യം ഇറാനില്‍ ഭരണമാറ്റം വേണമെന്ന് ആവശ്യപ്പെട്ട ട്രംപ് പിന്നീട് അതില്‍ നിന്നും പിന്നോട്ടുപോയി. ഇതൊരു ഭരണമാറ്റത്തിനായുള്ള യുദ്ധമല്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. യുദ്ധം അവസാനിക്കാന്‍ എടുക്കുന്ന സമയം രണ്ടോ മൂന്നോ ദിവസം മുതല്‍ നാലോ അഞ്ചോ ആഴ്ചകള്‍ വരെയാകാമെന്ന് ട്രംപ് പലപ്പോഴായി മാറ്റിമാറ്റി പറഞ്ഞു. ഇപ്പോള്‍ സമയം നിശ്ചയിക്കാനാവില്ലെന്നും വലിയൊരു ആക്രമണം വരാനിരിക്കുന്നതേയുള്ളൂ എന്നുമാണ് അദ്ദേഹം പറയുന്നത്.

ഇറാന്‍ വിഷയത്തില്‍ കൃത്യമായൊരു നയമോ പദ്ധതിയോ ഇല്ലാതെ അമേരിക്കന്‍ ഭരണകൂടം ഇരുട്ടില്‍ തപ്പുകയാണ് എന്നാണ് ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് എന്ന് നയതന്ത്ര രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വേകള്‍ പ്രകാരം കേവലം നാലിലൊന്ന് അമേരിക്കക്കാര്‍ മാത്രമേ ട്രംപിന്റെ ഈ യുദ്ധനീക്കത്തെ പിന്തുണയ്ക്കുന്നുള്ളൂ എ്ന്നുള്ളതും യുഎസ് പ്രസിഡന്റിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.