ന്യൂഡൽഹി: ലോകത്തെ ഇന്നേ വരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ഉയർന്ന താപനിലയിലെത്തി ഇറാന്റെ തെക്കൻ തീരത്തുള്ള ഒരു ഗ്രാമം. ഡെയ്‌റെസ്‌റ്റാൻ വിമാനത്താവളത്തിലെ കാലാവസ്ഥാ സ്‌റ്റേഷനിലാണ് ഓഗസ്റ്റ് 28 ന് അപകടകരമായ രീതിയിൽ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 82.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ ചൂട് സൂചികയിൽ (ഹീറ്റ് ഇൻഡക്സ് ) രേഖപ്പെടുത്തിയത്.
ഈ വസ്തുത പരിശോധിച്ച് സ്ഥിരീകരിച്ചാൽ, ഹീറ്റ് ഇൻഡക്സും അതിനു അനുസൃതമായ 36.1 ഡിഗ്രി സെൽഷ്യസുള്ള ഡ്യൂ പോയിൻ്റും ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഒന്നായിരിക്കും.
ഏവിയേഷൻ പൈലറ്റുമാരും കാലാവസ്ഥാ നിരീക്ഷകരും ഉപയോഗിക്കുന്ന എയറോഡ്രോം റൊട്ടീൻ മെറ്റീരിയോളജിക്കൽ റിപ്പോർട്ട് ആയ METAR നിന്നുള്ള ഡാറ്റ സംയോജിപ്പിക്കുന്ന അമേരിക്കയിലെ നാഷണൽ വെതർ സർവീസ് പുറത്തുവിട്ട രേഖകൾ അനുസരിച്ച്, ആഗസ്ത് 28 ന് രാവിലെ 10.30 ന് ഡെയ്‌റെസ്‌റ്റാൻ എയർപോർട്ട് കാലാവസ്ഥാ സ്‌റ്റേഷനിൽ 38.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
ഈ ചൂട് ഒറ്റക്ക് നോക്കിയാൽ, അത്ര ഭയാനകമല്ല എന്ന് തോന്നുമെങ്കിലും അപ്പോൾ അവിടുത്തെ റിലേറ്റീവ് ഹ്യൂമിഡിറ്റി 85% ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ റീഡിങ്ങുകൾ സംയോജിപ്പിച്ചാൽ കിട്ടുന്ന ഹീറ്റ് ഇൻഡക്സ് 82.2 ഡിഗ്രി സെൽഷ്യസ് ആണ്. അതായത് താപനില റിപ്പോർട്ട് ചെയ്യുമ്പോൾ “ഫീൽസ് ലൈക്ക് Feels Like ” അഥവാ “അനുഭവപ്പെടുന്ന” താപനില എന്ന് രേഖപ്പെടുത്തുന്നത് ഇതാണ്.
കഴിഞ്ഞ ആഴ്‌ചകളിൽ പശ്ചിമേഷ്യയുടെ ഭൂരിഭാഗത്തും ഒരു ഉഷ്‌ണ തരംഗം ആവരണം ചെയ്തിട്ടുണ്ട്, ഈ മേഖലയിലെ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർന്നു. നൂറുകണക്കിന് ആളുകൾ ഹീറ്റ്‌സ്ട്രോക്ക് ചികിത്സയ്‌ക്കായി ആശുപത്രികളിൽ എത്തിയതായി റിപ്പോർട്ട് ഉണ്ട്.



