ഇറാനിലെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. ഇതോടൊപ്പം, റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ബാസിജ് സേനയുടെ തലവൻ ഗുലാം റെസ സുലൈമാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിൽ ഇസ്രായേൽ വ്യോമസേന നടത്തിയ കൃത്യമായ ആക്രമണത്തിലാണ് ഗുലാം റെസ സുലൈമാനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നിന്റെ തലവനാണ് സുലൈമാനി. കഴിഞ്ഞ ആറ് വർഷമായി ബസീജ് സേനയെ നയിച്ചിരുന്ന സുലൈമാനി ഇസ്രായേലിനെതിരെയുള്ള പല സൈനിക നീക്കങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിരുന്നതായാണ് ഇസ്രായേൽ ഇന്റലിജൻസ് വിഭാഗം പറയുന്നത്. ഇസ്രായേൽ പ്രതിരോധ സേനയുടെ (IDF) ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ ഇറാൻ ഔദ്യോഗികമായി ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വമ്പൻ നീക്കം ഇസ്രായേൽ നടത്തിയിരിക്കുന്നത്. ഇറാന്റെ പ്രധാന കമാൻഡർമാരെ ഓരോരുത്തരെയായി ലക്ഷ്യം വെക്കുന്ന ഇസ്രായേൽ തന്ത്രത്തിന്റെ ഭാഗമായാണ് ഈ വധശിക്ഷ നടപ്പിലാക്കിയത്. മുതിർന്ന നേതാക്കളുടെ വധം ഇറാന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ ഒരു ഔദ്യോഗിക വസതിയെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബങ്കർ തകർത്ത് കയറുന്ന ശക്തമായ ബോംബുകളാണ് ആക്രമണത്തിൽ ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം തലസ്ഥാനമായ ടെഹ്‌റാനിൽ നിരവധി ഇടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏകദേശം മുപ്പതോളം കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടന്നുവെന്നാണ് വിവരങ്ങൾ. അമേരിക്കയുടെയും ഇസ്രായേലിന്റെയും നൂറുകണക്കിന് യുദ്ധവിമാനങ്ങൾ ഈ ഓപ്പറേഷനിൽ പങ്കെടുത്തതായും പറയുന്നു.



