ഇറാന്-അമേരിക്ക ചര്‍ച്ചകളില്‍ പുരോഗതിയെന്ന് സൂചന. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി അമേരിക്ക നാവിക ഉപരോധം നീക്കണമെന്നും ഇറാന്റെ സമീപ പ്രദേശങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും ഇറാന് വ്യവസ്ഥ വച്ചതായാണ് വിവരം. ഇറാന് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. കരാറിലെത്തി 30 ദിവസത്തിനകം ഹോര്‍മുസിലെ കപ്പല്‍ ഗതാഗതം പഴയപടിയാക്കാമെന്നാണ് ഇറാന് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.
ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ഹോര്‍മുസ് വഴി സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും ഹോര്‍മുസിന്റെ നിയന്ത്രണം ഇറാന്റെയും ഒമാന്റെയും കൈവശമായിരിക്കുമെന്നും വ്യവസ്ഥയെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറില്‍ എത്തുന്നപക്ഷം യു എന്‍ രക്ഷാസമിതിയില്‍ കരാര്‍ അവതരിപ്പിച്ച് അംഗീകാരം തേടണമെന്നും ഇറാന് പറഞ്ഞതായാണ് സൂചന.ഇന്ന് ഇറാന് വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. പുതിയ വ്യവസ്ഥകള്‍ ഇറാന് സ്റ്റേറ്റ് മീഡിയയാണ് പുറത്തുവിട്ടത്. അമേരിക്ക ഈ വ്യവസ്ഥകളെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാന് അമേരിക്ക സമാധാന കരാറിന് തടസ്സമാകുന്നത് ആണവ പദ്ധതിയെയും ഉപരോധത്തെയും കുറിച്ചുള്ള തര്‍ക്കങ്ങളാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭീഷണികളുടെ പശ്ചാത്തലത്തില്‍ മുസ്ലിങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നതിനായി ഒരുമിക്കണമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് പ്രതികരിച്ചിരുന്നു. ഇറാഖ്, ഒമാന്‍, തുര്‍ക്കി, താജിക്കിസ്ഥാന്‍, ഈജിപ്ത്, ഖത്തര്‍, കിര്ഗിസ്താന്, അസര്ബൈജാന് തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി സംസാരിച്ചതായും പെസഷ്കിയാന് വ്യക്തമാക്കിയിരുന്നു.



