ബംഗളൂരു: ഐപിഎൽ ടിക്കറ്റുകൾ അമിത വിലയ്ക്ക് വിറ്റ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ. സ്റ്റേഡിയത്തിനുള്ളിലെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരൻ ചന്ദ്രശേഖർ ആണ് പിടിയിലായത്.
ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. 180 ലധികം ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ 15,000 മുതൽ 19,000 രൂപ വരെ വിലയ്ക്ക് വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഏപ്രിൽ 15 ന് നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും (ആർസിബി) ലക്നോ സൂപ്പർ ജയന്റ്സും (എൽഎസ്ജി) തമ്മിലുള്ള ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇയാൾ വിറ്റത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
പരിശോധനയിൽ, സ്റ്റേഡിയം പരിസരത്ത് ജോലി ചെയ്തിരുന്ന വ്യക്തികളെ പോലീസ് ചോദ്യം ചെയ്യുകയും ചന്ദ്രശേഖറിൽ അന്വേഷണം എത്തുകയുമായിരുന്നു.



