രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസിൽ കൂട്ടപ്പിരിച്ചുവിടൽ. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെ പിരിച്ചുവിട്ടതായാണ് വിവരം. 700 പേരിൽ 400 പേരെയും പിരിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രെയിനി ബാച്ചിനെ മൂന്ന് മാസത്തിനുള്ളിൽ ഒരു പരീക്ഷ എഴുതിച്ചെന്നും ഇതിൽ പരാജയപ്പെട്ടവരെയാണ് പിരിച്ചുവിട്ടതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കമ്പനിയുടെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ്, ഡിജിറ്റൽ സ്പെഷലിസ്റ്റ് എഞ്ചിനീയേഴ്സ് തസ്തികകളിലെ ട്രെയിനികൾക്കാണ് പണി പോയത്. പരീക്ഷ പാസാകാത്തതിനാൽ പിരിച്ചുവിടുന്നതിൽ എതിർപ്പില്ലെന്ന് ഇവരോട് എഴുതി വാങ്ങുകയും ചെയ്തു.

പരീക്ഷ പാസാകാത്തവരെ ബാച്ച് രീതിയിൽ വിളിച്ച് വൈകുന്നേരം ആറ് മണിക്ക് മുൻപ് ക്യാമ്പസ് വിടണമെന്ന് നിർദേശം നൽകുകയായിരുന്നു. ഇത് അന്യായമായ പിരിച്ചുവിടലാണെന്ന് ജീവനക്കാർ ആരോപിച്ചു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നൽകി പിരിച്ചുവിടാൻ ഉദ്ദേശിച്ച് നടത്തിയ പരീക്ഷയായിരുന്നുവെന്നും ബൗൺസർമാരെ വച്ച് മൊബൈൽ ഉൾപ്പടെ പിടിച്ചുവാങ്ങിയാണ് പിരിച്ചുവിടൽ അറിയിപ്പ് നൽകിയതെന്നും ഇവർ പറഞ്ഞു. ഇതിനെതിരെ തൊഴിൽ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ ന്യായീകരണവുമായി ഇൻഫോസിസ് രംഗത്തെത്തി. ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസാകാൻ മൂന്ന് അവസരം നൽകിയെന്നാണ് കമ്പനിയുടെ വിശദീകരണം. ജീവനക്കാരുടെ നിലവാരം ഉറപ്പാക്കുന്ന ഇത്തരം പരീക്ഷകൾ കമ്പനിയുടെ രീതിയാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു.