മുംബൈ: ഇന്റിഗോ വിമാനം 15 മിനിറ്റ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര മുടങ്ങിയെന്ന് സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ച യുവാവിന് കമ്പനി കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന് വീണ്ടും ആരോപണം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പിൻവലിക്കാൻ 6000 രൂപ വാഗ്ദാനം  ചെയ്തുവെന്നാണ് യുവാവിന്റെ പുതിയ പോസ്റ്റിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഇന്റിഗോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിമാനം പുറപ്പെടാൻ രണ്ടര മണിക്കൂർ മാത്രം ബാക്കി നിൽക്കവെ പുറപ്പെടൽ സമയം അര മണിക്കൂർ നേരത്തെയാക്കിയെന്ന് കമ്പനി എസ്എംഎസ് അയച്ചുവെന്നാണ് പ്രഖർ ഗുപ്ത എന്ന യുവാവ് ആരോപിച്ചത്. എക്സിൽ 88,000 ഫോളോവർമാരുള്ള യുവാവിന്റെ ആരോപണം വലിയ ജനശ്രദ്ധ നേടിയതോടെ വിഷയം പരിശോധിക്കുമെന്ന് ഇന്റിഗോ കമ്പനി മറുപടി നൽകിയിരുന്നു. ഇതിന് ശേഷമാണ് ഉച്ചയോടെ കമ്പനി തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്ന പുതിയ ആരോപണവുമായി രംഗത്തെത്തിയത്. പോസ്റ്റ് പിൻവലിക്കണമെന്നായിരുന്നത്രെ ആവശ്യം. എന്നാൽ ഇന്റിഗോ കമ്പനി സിഇഒയെ ഉൾപ്പെടെ പരാമർശിച്ചു കൊണ്ടാണ് യുവാവിന്റെ പുതിയ പോസ്റ്റ്. 

യുവാവിന് പോകേണ്ട ഫ്ലൈറ്റ് രാവിലെ 6.45നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ഇതിന് രണ്ടര മണിക്കൂർ മുമ്പ് പുലർച്ചെ നാല് മണിക്കാണത്രെ കമ്പനി ഒരു എസ്.എം.എസ് അയച്ചത്. വിമാനം അര മണിക്കൂർ നേരത്തെ പുറപ്പെടുമെന്നായിരുന്നു അതിലെ അറിയിപ്പ്. ഇ-മെയിലിലൂടെയോ മറ്റോ യാതൊരു അറിയിപ്പും ഉണ്ടായില്ലെന്നും യുവാവ് പറയുന്നു. പുറപ്പെടൽ സമയം 6.30 ആയി കണക്കാക്കി ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കിയതോടെ യുവാവിന്റെ യാത്ര മുടങ്ങി. 

വിമാനത്താവളത്തിലെത്തിയ തന്നോട് ജീവനക്കാർ മോശമായാണ് പെരുമാറിയതെന്നും ഒരു കൗണ്ടറിൽ നിന്ന് അടുത്ത കൗണ്ടറിലേക്ക് തന്നെ ഓടിച്ചുവെന്നും യുവാവ് ആരോപിച്ചു. കൗണ്ടറിൽ നിൽക്കുമ്പോൾ ജീവനക്കാർ മൊബൈലിലെ ഫോണിൽ ഫോണിലൂടെ താമശകൾ പറയുകയായിരുന്നുവെന്നും ഗുപ്ത പോസ്റ്റിൽ പറയുന്നു. പിന്നാലെ കമ്പനിയുടെ വിശദീകരണവും എത്തി. വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടിരുന്നെങ്കിലും പോലും ചെക്ക് ഇൻ ക്ലോസ് ചെയ്യുന്ന സമയത്ത് ഇയാൾ എത്തിയിരുന്നില്ലെന്ന് കമ്പനി അറിയിച്ചു. അതുകൊണ്ടുതന്നെ യാത്ര സാധ്യമാവുമായിരുന്നില്ല. പകരം ചെറിയ ചാർജ് ഈടാക്കി മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിച്ചു നൽകിയെന്നും കമ്പനി അറിയിച്ചു. 

എന്നാൽ തന്റെ പക്കൽ നിന്ന് 3000 രൂപയാണ് വാങ്ങിയതെന്ന് യുവാവും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് കമ്പനി അധികൃതർ ബന്ധപ്പെട്ടെന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ 6000 രൂപ വാഗ്ദാനം ചെയ്തെന്നും അവകാശപ്പെട്ടത്. എന്നാൽ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്നും യുവാവ് പ്രഖർ ഗുപ്ത പറയുന്നു. ഇക്കാര്യത്തിൽ ഇതുവരെ ഇന്റിഗോ പ്രതികരിച്ചിട്ടില്ല.