പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ രണ്ട് ഇന്ത്യന്‍ വശജരായ വനിതകള്‍ ഇടം നേടി. ഇന്തോ-കനേഡിയന്‍ വംശജയായ അനിത ആനന്ദും കനേഡിയന്‍ പാര്‍ലമെന്റിലേക്ക് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതകളില്‍ ഒരാളായ ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേരയുമാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്. ട്രൂഡോ മന്ത്രിസഭയിലും ഇരുവരും അംഗങ്ങളായിരുന്നു. 58 കാരിയായ അനിത ആനന്ദ് ഇന്നൊവേഷന്‍, സയന്‍സ്, ഇന്‍ഡസ്ട്രി മന്ത്രിയാണ്, 36 കാരിയായ ഖേര ആരോഗ്യ മന്ത്രിയാണ്. 

ഡല്‍ഹിയില്‍ ജനിച്ച ഖേരയുടെ കുടുംബം സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കാനഡയിലേക്ക് താമസം മാറി. പിന്നീട് ടൊറന്റോയിലെ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമല്‍ ഖേര സയന്‍സ് ബിരുദം നേടി.

2015 ല്‍ ബ്രാംപ്ടണ്‍ വെസ്റ്റില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി ഖേര ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതായി കാനഡ പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ പരാമര്‍ശിക്കുന്നു. ”പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതകളില്‍ ഒരാളാണ് മന്ത്രി ഖേര. ഒരു രജിസ്റ്റേര്‍ഡ് നഴ്സ്, കമ്മ്യൂണിറ്റി വളണ്ടിയര്‍, രാഷ്ട്രീയ പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് ചുറ്റുമുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ അഭിനിവേശമുണ്ട്,” അതില്‍ പറയുന്നു.

ട്രൂഡോയ്ക്ക് പകരം അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു അനിത ആനന്ദ്. ജനുവരിയില്‍ താന്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്നും വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും അനിത പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, മാര്‍ച്ച് 1 ന് അവര്‍ തീരുമാനം മാറ്റി, ‘കാനഡ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷത്തെ അഭിമുഖീകരിക്കുകയാണ്’ എന്ന് പറഞ്ഞു. നോവ സ്‌കോട്ടിയയിലെ ഗ്രാമപ്രദേശത്ത് ജനിച്ച് വളര്‍ന്ന ആനന്ദ് 1985 ല്‍ ഒന്റാറിയോയിലേക്ക് താമസം മാറി.