അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ പാകിസ്ഥാനെതിരെ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ. ‘വിശ്വസനീയമായ’ തെളിവുകൾ ലഭിച്ചതായി പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തത്തുള്ള തരാർ ബുധനാഴ്ച അവകാശപ്പെട്ടു. പഹൽഗാം സംഭവത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ പേരിൽ അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക നീക്കം നടത്താൻ സാധ്യതയുണ്ടെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്ന് തരാർ എക്സിൽ കുറിച്ചു.
പാകിസ്ഥാൻ തീവ്രവാദത്തിന്റെ ഇരയാണ്. എല്ലാത്തരം അക്രമങ്ങളെയും രാജ്യം അപലപിച്ചിട്ടുണ്ട്. എന്നാൽ, ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വയം ജഡ്ജിയും ജൂറിയും ആരാച്ചാരുമായി പ്രവർത്തിക്കുകയാണെന്നും തരാർ ആരോപിച്ചു. ഈ ഭീകരാക്രമണത്തിൽ 26 സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടു. ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.
സത്യം കണ്ടെത്താൻ നിഷ്പക്ഷ വിദഗ്ധരുടെ ഒരു കമ്മീഷന്റെ വിശ്വസനീയവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം പാകിസ്ഥാൻ തുറന്ന മനസ്സോടെ വാഗ്ദാനം ചെയ്തു. നിർഭാഗ്യവശാൽ, യുക്തിയുടെ പാത പിന്തുടരുന്നതിനു പകരം, ഇന്ത്യ യുക്തിരഹിതവും സംഘർഷം നിറഞ്ഞതുമായ അപകടകരമായ പാത തിരഞ്ഞെടുത്തിരിക്കുകയാണ്. ഇത് മേഖലയ്ക്കും പുറത്തും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഇന്ത്യയുടെ ഏത് സൈനിക നടപടിക്കും പാകിസ്ഥാൻ ശക്തമായി തിരിച്ചടി നൽകും. രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിന് രാജ്യം പരമപ്രാധാന്യം നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു.



