ഡോ. ജോര്‍ജ് എം കാക്കനാട്

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ പ്രഖ്യാപിച്ചിരുന്ന കടുത്ത വ്യാപാര നിയന്ത്രണങ്ങളിലും താരിഫുകളിലും ഒടുവില്‍ ഇളവ് വരുത്തിയിരിക്കുന്നു. 50 ശതമാനമായിരുന്ന ഉയര്‍ന്ന താരിഫ് 18 ശതമാനമായി കുറച്ചതോടൊപ്പം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം അധിക നികുതിയും ഒഴിവാക്കി.

ചൈനയ്ക്കും പാകിസ്ഥാനും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ നികുതി നിരക്കില്‍ അമേരിക്കയുമായി വ്യാപാരം നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകളോടും ഭീഷണികളോടും മോദി സ്വീകരിച്ച ‘തന്ത്രപരമായ നിശബ്ദത’ ഈ വിജയത്തില്‍ നിര്‍ണ്ണായകമായി.

ട്രംപിന്റെ ഈഗോ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പുകഴ്ത്തലുകള്‍ക്കോ ആഡംബരങ്ങള്‍ക്കോ മുതിരാതെ, വ്യക്തമായ ബിസിനസ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ നീങ്ങിയത്. കഴിഞ്ഞ വര്‍ഷം ട്രംപിനെ നേരിട്ട് വിളിക്കാന്‍ തയ്യാറാകാത്തതിലൂടെ ഇന്ത്യയ്ക്ക് ഒരു വ്യാപാര കരാര്‍ നഷ്ടപ്പെട്ടുവെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നെങ്കിലും, സ്വന്തം നിബന്ധനകളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ഒരു വിജയമാണ് മോദി നേടിയെടുത്തത് എന്നാണ് നയതന്ത്ര തലങ്ങളില്‍ പൊതുവേ വിലയിരുത്തപ്പെടുന്നത്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 500 ബില്യണ്‍ ഡോളറിന്റെ വന്‍പദ്ധതി ഇന്ത്യ അംഗീകരിച്ചതായി ട്രംപ് അവകാശപ്പെടുമ്പോഴും മോദി അത്തരം കാര്യങ്ങളില്‍ ഔദ്യോഗികമായി മൗനം പാലിക്കുകയാണ്. ഇന്ത്യയുടെ നിലവിലെ കയറ്റുമതി നിരക്ക് വെച്ച് നോക്കുമ്പോള്‍ ഇത്തരം വലിയ വാഗ്ദാനങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കാവുന്നതല്ല. എന്നാല്‍, താരിഫ് 18 ശതമാനമായി കുറഞ്ഞതോടെ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സ്, ജെംസ്, ലെതര്‍ മേഖലകള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത കൈവരിക്കാന്‍ സാധിക്കും.

ട്രംപ് ഇന്ത്യയെ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചപ്പോള്‍, ബ്രിട്ടന്‍, ന്യൂസിലാന്‍ഡ്, ഒമാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി അതിവേഗം വ്യാപാര കരാറുകള്‍ ഉറപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യയെ അവഗണിക്കാന്‍ കഴിയില്ലെന്ന ബോധ്യം ഇത് അമേരിക്കയ്ക്ക് നല്‍കി. പാലുല്‍പ്പന്നങ്ങള്‍, കാര്‍ഷിക മേഖല എന്നിവയില്‍ അമേരിക്ക ആവശ്യപ്പെട്ട ഇളവുകള്‍ നല്‍കാതെ തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു.

റഷ്യയുമായും ചൈനയുമായും ഇന്ത്യ പുലര്‍ത്തുന്ന അടുത്ത ബന്ധവും ട്രംപിനെ സമ്മര്‍ദ്ദത്തിലാക്കി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ മോദിയും പുടിനും ഷി ജിന്‍പിങ്ങും പുലര്‍ത്തിയ സൗഹൃദവും, പിന്നീട് നടന്ന പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനവും അമേരിക്കയെ അസ്വസ്ഥരാക്കിയിരുന്നു. ഇന്ത്യ തങ്ങളില്‍ നിന്ന് അകന്നുപോകുമോ എന്ന ഭയവും താരിഫ് കുറയ്ക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചു.

കേവലം വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടലിന് പകരം ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് (പയര്‍വര്‍ഗ്ഗങ്ങള്‍) മേല്‍ 30% നികുതി നിശബ്ദമായി ഏര്‍പ്പെടുത്തിക്കൊണ്ട് തിരിച്ചടിച്ചു. ബഹളങ്ങളില്ലാതെ മോദി നടത്തിയ ഈ കരുനീക്കങ്ങള്‍ ട്രംപിനെപ്പോലൊരു കടുത്ത ഇടപാടുകാരനെപ്പോലും അയയാന്‍ പ്രേരിപ്പിച്ചു എന്നതാണ് ഈ വ്യാപാര യുദ്ധത്തിന്റെ ബാക്കിപത്രം എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.