ന്യൂഡൽഹി:ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യുഎസിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.യുഎസുമായുള്ള വ്യാപാരചർച്ചയിൽ ഇന്ത്യക്ക് ചില പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെന്നും രാജ്യത്തെ കർഷകരുടെയും ചെറുകിടകച്ചവടക്കാരുടെയും താത്പര്യങ്ങൾ സംരക്ഷിച്ചുമാത്രമേ ചർച്ച മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു. ‘ഇക്കണോമിക്സ് ടൈംസ്’ ഡൽഹിയിൽ സംഘടിപ്പിച്ച വേൾഡ് ലീഡേഴ്സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്ണ ഇടപാട് ഇന്ത്യയുടെ കാര്യം

റഷ്യയിൽനിന്ന് ഇന്ത്യ കുറഞ്ഞവിലയ്ക്ക് അസംസ്കൃത എണ്ണവാങ്ങി അവ ശുദ്ധീകരിച്ച് ഉയർന്നവിലയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിൽക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ”വ്യാപാരത്തോട് എല്ലാതരത്തിലും അനുകൂലനിലപാടുള്ള യുഎസ് സർക്കാർ, മറ്റുരാജ്യങ്ങൾ വ്യാപാരത്തിലൂടെ പണമുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നത് അപഹാസ്യമാണ്. ഇന്ത്യയിൽനിന്ന് അസംസ്കൃത എണ്ണയോ ശുദ്ധീകരിച്ച എണ്ണയോ വാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്നു കരുതുന്നവർ അതു വാങ്ങേണ്ട. വാങ്ങാൻ അവരെ ആരും നിർബന്ധിക്കുന്നില്ല. യൂറോപ്പും യുഎസും ഇത്തരം ഇടപാടുകൾ നടത്തുന്നുണ്ട്. എന്നാൽ, മറ്റുരാജ്യങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും യുഎസിനെ അസ്വസ്ഥമാക്കുന്നു” -അദ്ദേഹം പറഞ്ഞു.

യുഎസുമായുള്ള ബന്ധം ശിഥിലമാകുന്നതിനിടെ ഇന്ത്യ ചൈനയുമായി അടുക്കുന്നു എന്നത് തെറ്റായ വിലയിരുത്തലാണെന്നും ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുമ്പോൾ കൂടുതൽ കൃത്യതയും സത്യസന്ധതയും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

‘യുഎസുമായി വ്യാപാരചർച്ച പുരോഗമിക്കുന്നു. ചർച്ച വിജയിച്ചെന്നോ പരാജയമാണെന്നോ ഇപ്പോൾ പറയാനാകില്ല. മുൻ യുഎസ് പ്രസിഡന്റുമാരിൽനിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ട്രംപ് ലോകത്തെ സമീപിക്കുന്നത്. ഇതുപോലെ വിദേശനയങ്ങൾ പരസ്യവേദിയിൽ പ്രഖ്യാപിക്കുന്ന പ്രസിഡന്റ് മുൻപ് ഉണ്ടായിരുന്നില്ല.” -ജയ്ശങ്കർ പറഞ്ഞു.

ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയ്ക്കുപുറമേ, റഷ്യയിൽനിന്ന് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെപേരിൽ 25 ശതമാനം അധികനികുതികൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. 25 ശതമാനം അധികനികുതി ഓഗസ്റ്റ് 27-ന് പ്രാബല്യത്തിൽവരുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.