ഇന്ത്യ തകർന്നില്ലെങ്കിൽ ബംഗ്ലാദേശിന് സ്ഥിരതയും സമാധാനവും കൈവരിക്കാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് മുൻ സൈനിക ഉദ്യോഗസ്ഥനും ജമാഅത്തെ ഇസ്ലാമി നേതാവുമായ ബ്രിഗേഡിയർ ജനറൽ (റിട്ട.) അബ്ദുള്ളാഹിൽ അമാൻ ആസ്മി. ഓൺലൈൻ ചർച്ചയ്ക്കിടെ വിവാദ പരാമർശം നടത്തിയത്. ഇന്ത്യ കഷണങ്ങളായി വിഭജിക്കപ്പെടാത്തിടത്തോളം കാലം ബംഗ്ലാദേശിന് പൂർണ്ണ സമാധാനം ലഭിക്കില്ലെന്നായിരുന്നു പ്രസ്താവന. അദ്ദേഹത്തിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ഇന്ത്യാ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണിതെന്ന് ഇന്ത്യാ അനുകൂലികൾ പറഞ്ഞു.
ഇന്ത്യ എപ്പോഴും ബംഗ്ലദേശിനുള്ളിൽ അസ്വസ്ഥത നിലനിർത്തുന്നു. ഷെയ്ഖ് മുജീബുർ റഹ്മാൻ സർക്കാരിന്റെ കാലത്ത്, പാർബത്യ ചിറ്റഗോങ് ജന സംഹതി സമിതി രൂപീകരിക്കുകയും അവരുടെ സായുധ വിഭാഗമായിരുന്നു ശാന്തി ബാഹിനിയെ ഇന്ത്യ സംരക്ഷിക്കുകയും ആയുധങ്ങളും പരിശീലനവും നൽകുകയും ചെയ്തു. 1975 മുതൽ 1996 വരെ മേഖലയിൽ രക്തച്ചൊരിച്ചിലിന് ഇന്ത്യയുടെ ഈ നീക്കം കാരണമായി. 1997 ൽ ഒപ്പുവച്ച ചിറ്റഗോങ് ഹിൽ ട്രാക്ട്സ് സമാധാന ഉടമ്പടിയുടെ ഭാഗമായി ശാന്തി ബാഹിനി ആയുധങ്ങൾ ഉപേക്ഷിച്ചത് നാടകമായിരുന്നുവെന്നും അബ്ദുല്ലാഹിൽ അമാൻ അസ്മി പറഞ്ഞു.
1971 ലെ വിമോചന യുദ്ധത്തിൽ ഹിന്ദുക്കളുടെയും വിമോചന അനുകൂല ബംഗാളികളുടെയും വംശഹത്യയുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട മുൻ ജമാഅത്തെ ഇസ്ലാമി മേധാവി ഗുലാം അസമിന്റെ മകനാണ് അസ്മി. ഇയാൾ നേരത്തെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം വഷളായ ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ബംഗ്ലാദേശും ശ്രമിക്കുന്നതിനിടെയാണ് വിവാദ പരാമർശങ്ങൾ.



