കളളപ്പണ ഇടപാട്(money-laundering) ആരോപണത്തിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്(Soubin Shahir) കുരുക്ക് മുറുകുന്നു. പറവ ഫിലിംസ് ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിന് പിന്നാലെ താരത്തെ വിശദമായി ചോദ്യം ചെയ്തേക്കും.  രാത്രി വൈകുവോളം നീണ്ട പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം.

സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്നാണ് താരം നേരിടുന്ന ആരോപണം. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. ആദായ നികുതി വകുപ്പിന്‍റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. 

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല, കണക്കുകൾ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്.