ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന മന്ത്രി സജി ചെറിയാനെതിരായ കേസിന്‍റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറക്കിയത്.

കേസിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും കേസ് കൈമാറാത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിക്കൊണ്ടു ഡിജിപി ഉത്തരവിറിക്കിയിരിക്കുന്നത്.

സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും തള്ളിക്കൊണ്ടാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.