അനധികൃത കുടിയേറ്റക്കാര്‍ക്ക് ശക്തമായ താക്കീത് നല്‍കി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചാല്‍ തടങ്കലില്‍ അടയ്ക്കുമെന്നും തിരികെ അയക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ‘നിങ്ങള്‍ ഈ രാജ്യത്തേക്ക് അനധികൃതമായി വന്നാല്‍, നിങ്ങള്‍ തടങ്കലില്‍ പെടുകയും മടക്കി അയക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ ഈ രാജ്യത്ത് വന്ന് ഒരു കുറ്റകൃത്യം ചെയ്താല്‍, ഞങ്ങള്‍ നിങ്ങളെ എത്രയും വേഗം നാടുകടത്തും,’ എക്‌സിലെ ഒരു പോസ്റ്റില്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
വിദേശ കുറ്റവാളികള്‍ വളരെക്കാലമായി ബ്രിട്ടന്റെ ഇമിഗ്രേഷന്‍ സംവിധാനം ചൂഷണം ചെയ്യുന്നുണ്ടെന്നും അവരുടെ അപ്പീലുകള്‍ പ്രോസസ്സ് ചെയ്യുന്നത് തുടരുന്നതിനിടയില്‍ മാസങ്ങളോ വര്‍ഷങ്ങളോ അവര്‍ യുകെയില്‍ താമസിച്ചിട്ടുണ്ടെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ‘അത് ഇപ്പോള്‍ അവസാനിക്കുന്നു. വിദേശ പൗരന്മാര്‍ നിയമം ലംഘിച്ചാല്‍, അവരെ ആദ്യ അവസരത്തില്‍ തന്നെ നാടുകടത്തും,’ അദ്ദേഹം മറ്റൊരു പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
യുകെയിലെ ഇമിഗ്രേഷന്‍ സംവിധാനത്തെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന അനധികൃത തൊഴിലാളികള്‍ക്കായി താന്‍ നിലകൊള്ളില്ലെന്ന് കെയര്‍ സ്റ്റാര്‍മര്‍ ശനിയാഴ്ച പറഞ്ഞിരുന്നു. ഇത് നിയമങ്ങള്‍ പാലിക്കുന്ന ആളുകളോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ഡെലിവറി റൈഡര്‍മാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.