ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ രാഷ്ട്രീയം ഇളകി മറിഞ്ഞിരിക്കുകയാണ്. അമേരിക്കയിലെ ഏറ്റവും സമ്പന്നമായ നഗരത്തിലെ മാഗ (മെയ്ക് അമേരിക്ക ​ഗ്രേറ്റ് എ​ഗെയ്ൻ) പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയായി. ദീർഘകാലമായി ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ നേതാക്കൾ ആധിപത്യം പുലർത്തുന്ന നഗരത്തിലെ രാഷ്ട്രീയത്തെ മംദാനിയുടെ വിജയവും വളർച്ചയും പിടിച്ചുലയ്ക്കുന്നു. അതോടൊപ്പം ഇസ്രായേലിലെ പ്രധാന ന​ഗരമായ ജെറുസലേമിൽ ഉള്ളതിനേക്കാൾ കൂടുതൽ ജൂത ജനസംഖ്യയുടെ ന്യൂയോർക്കിൽ എങ്ങനെയാണ് പലസ്തീൻ അനുകൂലിയും നെതന്യാഹു-ട്രംപ് വിരുദ്ധനുമായ മംദാനി വിജയിച്ചതെന്നും ചോദ്യമുയരുന്നു.

ഒക്ടോബർ 7 സംഭവം അമേരിക്കൻ രാഷ്ട്രീയത്തിലും അലയൊലികൾ സൃഷ്ടിച്ചു. ഹമാസ് നടത്തിയ ഭീകരാക്രമണവും പിന്നീട് ഇസ്രായേൽ ​ഗാസയിൽ നടത്തിയ അധിനിവേശവും വലിയ ചർച്ചയായി. ​ഗാസയിൽ കുട്ടികളെ കൊന്നതിന് ഇസ്രായേലിനെ ഒരു പക്ഷം അപലപിച്ചു, എന്നാൽ, മറുവശത്ത് ഹമാസാണ് അക്രമത്തിന് തുടക്കമിട്ടതെന്നും പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും വാദിച്ചു. മുൻനിര രാഷ്ട്രീയക്കാർ മൗനം പാലിച്ച ഈ സമയം, ഗാസയിലെ ജനങ്ങൾക്കൊപ്പമാണെന്ന ശക്തമാല നിലപാട് മംദാനി നിലകൊണ്ടു. തെരഞ്ഞെടുപ്പുകളിൽ പിന്തുണ നിലനിർത്താൻ പല യുഎസ് രാഷ്ട്രീയക്കാരും ഈ വിഷയം ഒഴിവാക്കിയ സമയത്തായിരുന്നു മംദാനി ധൈര്യപൂർവം തന്റെ നിലപാട് വിളിച്ചുപറഞ്ഞത്. തുടർന്ന് ട്രംപ് അനുകൂലികൾ മംദാനിയെ ‘ജിഹാദിസ്റ്റ്’ എന്ന് വിളിച്ചിട്ടും അദ്ദേഹം കുലുങ്ങിയില്ല. ചിലർ സെമൈറ്റ് വിരുദ്ധനെന്നും അദ്ദേഹത്തെ മുദ്രകുത്തി.

പലസ്തീൻ-ഇസ്രായേൽ രാഷ്ട്രീയം കത്തിനിന്ന സമയത്തും ന്യൂയോർക്ക് നഗരത്തിലെ പത്ത് ലക്ഷത്തോളം ജൂതന്മാരുടെ ഹൃദയം കീഴടക്കിയത് എങ്ങനെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലും ചർച്ചയായി. ഇസ്രായേൽ-ഗാസ സംഘർഷത്തെക്കുറിച്ചുള്ള മംദാനിയുടെ നിലപാട് നഗരത്തിലെ ജൂത സമൂഹത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് നിശിതമായ വിമർശനത്തിന് ഇടയാക്കിയപ്പോൾ, മംദാനി നേരിട്ട് ജൂതരുമായി ആശയവിനിമയം നടത്തി. ഒക്ടോബർ അവസാനം, അദ്ദേഹം റബ്ബികളുടെയും ജൂത നേതാക്കളുടെയും പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ന്യൂയോർക്കിലെ ജൂതർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ജൂതവിരുദ്ധതയുടെ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.