13 ഇസ്രായേലി ബന്ദികളുടെ രണ്ടാമത്തെ സംഘത്തെയും ഹമാസ് റെഡ് ക്രോസിന് കൈമാറി. ഇതോടെ ജീവനോടെ ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന 20 ബന്ദികളും തിരികെ എത്തിയതായി റിപ്പോർട്ട്. വെടിനിർത്തൽ കരാറിലെ നിബന്ധനകൾ പ്രകാരം, ജീവിച്ചിരിക്കുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും ഇപ്പോൾ വിട്ടയച്ചതായി ഹമാസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ പിന്നീട് കൈമാറുമെന്ന് ഹമാസ് കൂട്ടിച്ചേർത്തു.

ഗാസയിൽ രണ്ട് വർഷത്തെ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി, ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാക്കിയ വെടിനിർത്തൽ കരാർ പ്രകാരം, അതിജീവിച്ച 20 ഇസ്രായേലി ബന്ദികളിൽ ആദ്യം ഏഴ് പേരെയായിരുന്നു കൈമാറിയത്. പിന്നീട് 13 പേരെയും കൈമാറുകയായിരുന്നു.

ടെൽ അവീവിലെ ഹോസ്റ്റേജസ് സ്ക്വയറിൽ ആയിരക്കണക്കിന് ആളുകൾ ആഹ്ലാദിക്കുകയും കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്തുകൊണ്ട് ഈ സന്തോഷത്തെ വരവേറ്റു. ഇസ്രായേൽ പൗരൻമാരെ മോചിതരാക്കിയ സാഹചര്യത്തിൽ, ഇസ്രായേൽ 250 പലസ്തീൻ തടവുകാരെയും 1,700 ലധികം തടവുകാരെയും വിട്ടയക്കും.