എച്ച് എം പി വി ഒരു പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐ എം എ കൊച്ചി ഭാരവാഹികൾ പറഞ്ഞു.
എച്ച് എം പി വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്. കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം.
എച്ച് എം പി വി വൈറസ് പതിറ്റാണ്ടുകളായി ഈ ഭൂമുഖത്തുള്ളതും പലപ്പോഴായി എല്ലാവരെയും തന്നെ ബാധിച്ചിട്ടുള്ളതുമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജലദോഷം പരത്തുന്ന വൈറസുകളുടെ സ്ഥിരം പട്ടികയില്‍ വരുന്നതാണ് എച്ച് എം പി വി വൈറസ്. ഇതിനെ പുതിയ വൈറസ് രോഗമായ കൊവിഡുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. രണ്ടും രണ്ടാണ്.
കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യയിൽ പലയിടത്തായി എച്ച് എം പി വി വൈറസ് ബാധിച്ചു സുഖംപ്രാപിച്ച അനവധി കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പല ഡോക്ടര്‍മാരും പറഞ്ഞു. ഇന്‍ഫുളുവന്‍സ,എച്ച് വണ്‍ എന്‍ വണ്‍, അടക്കമുള്ള വൈറസുകളെ പരിശോധനയില്‍ കണ്ടെത്തുന്നതിനൊപ്പം എച്ച് എം പി വി വൈറസും കണ്ടെത്തിയിട്ടുള്ളതാണ്.
പുതിയതായി കണ്ടെത്തിയത് എന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ജലദോഷം ബാധിച്ച എല്ലാവർക്കും ഇത്തരം ചിലവേറിയ പരിശോധനകളുടെ ആവശ്യവുമില്ല.
ആസ്മ, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്കു മാത്രമായിരിക്കും എച്ച് എം പി വി വൈറസ് അല്‍പ്പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചിലപ്പോൾ ആശുപത്രി വാസം വേണ്ടിവരികയും ചെയ്യുക. അല്ലാത്തവരില്‍ ഇത് വന്നു പോകുന്നത് പോലും പലപ്പോഴും അറിയില്ല. മുതിർന്നവരിലും കുട്ടികളിലും പലരിലും ഇത് നേരത്തേ വന്നു പോയിട്ടുമുണ്ടാകും.
എച്ച് എം പി വി വൈറസിനെതിരെ നിലവില്‍ പ്രത്യേക ആന്റിവൈറൽ മരുന്നുകളോ, വാക്സിനുകളോ നിർദ്ദേശിക്കപ്പെട്ടിട്ടില്ല. അത്രയും ഗുരുതരമല്ലാത്തതിനാലാണ് വാക്സിനിലേക്കൊന്നും പോകാത്തത്.
എങ്ങിനെ ചെറുക്കാം? പനിയും ജലദോഷവും ചുമയും ഉള്ളവര്‍ പരമാവധി ആള്‍ക്കുട്ടങ്ങളില്‍ പോകാതിരിക്കുക. വായുസഞ്ചാരമില്ലാത്ത തിരക്കുള്ള ഇടുങ്ങിയ അകത്തളങ്ങളിൽ മാസ്ക്ക് ധരിക്കുക, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക, പുറത്തു പോയി വന്നാൽ കൈകള്‍ കഴുകുക എന്നിവ ഇത്തരം വൈറസുകൾ വരാതിരിക്കാനുള്ള സാർവത്രിക മുൻകരുതലുകളാണ്.
ശൈത്യകാലത്താണ് എച്ച് എം പി വി വൈറസ് ബാധ വര്‍ധിക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ ശൈത്യകാലമാണ്. ജലദോഷം വന്നാല്‍ പോലും അവിടുള്ളവര്‍ വലിയ ആശുപത്രികളിലാണ് ചികില്‍സ തേടുന്നത്. ഒപ്പം നിസ്സാരപ്രശ്നങ്ങൾക്കു പോലും ഐ വി ഡ്രിപ്പ് ഇടുന്നതും ശീലമാണ്. അതിനാൽ ശൈത്യകാലത്ത് വടക്കൻ ചൈനയില്‍ ആശുപത്രികളില്‍ വലിയ തിരക്കു പതിവാണ്. ഇതിന്റെയെല്ലാം ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വീണ്ടും മഹാമാരി വരുന്നുവെന്ന തലക്കെട്ടോടു കൂടി അനാവശ്യ ഭീതി പരത്തി പ്രചരിപ്പിക്കുന്നതെന്നും ഇത് കണ്ട് ആരും ഭയചകിതരാകേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.



