സെബി ചെയർപേഴ്സണെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. മാധവി ബുച്ച് രാജിവെക്കണമെന്നും അന്വേഷണത്തിനായി സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിവാദം പുകയുകയാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാധവി ബുച്ച് രാജിവെക്കണം എന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. ഒപ്പം അന്വേഷണത്തിന് പാർലമെന്ററി സമിതിയെയും നിയോഗിക്കണം. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഓഹരി വിപണിയിലെ തട്ടിപ്പ് കാരണം നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടാൽ ആര് ഉത്തരവാദിത്തം പറയുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും പുതിയ സാഹചര്യത്തിൽ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

നടന്നത് വലിയ അഴിമതിയാണെന്നും ക്രിമിനല്‍ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനേത് പ്രതികരിച്ചിരുന്നു. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നു. ബിജെപിയ്ക്ക് ഇതില്‍ പങ്കില്ലെങ്കില്‍ ബിജെപി എന്തിന് വ്യാകുലപ്പെടണം. ഹിന്‍ഡന്‍ബര്‍ഗിനെതിരെ എന്തിന് ആരോപണം ഉന്നയിക്കണം. ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കേണ്ടവര്‍ തന്നെ അതില്‍ ഉള്‍പ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയ്ക്ക് ഇതില്‍ എന്ത് പങ്കെന്ന് തെളിയണം. മാധബി ബുച്ചിനെ സെബി ചെയര്‍പേഴ്‌സണാക്കിയത് അദാനിയുടെ നിര്‍ദേശപ്രകാരമാണോ എന്നും അന്വേഷിക്കണം. ജെപിസി അന്വേഷണം നടത്തണം. സെബിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നും സുപ്രിയ പറഞ്ഞു.