അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ വ്യാപക നാശം വിതച്ച് ശക്തമായ കൊടുങ്കാറ്റ്. കനത്ത മഴയിലും കാറ്റിലും റോഡുകള്‍ തകരുകയും വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു. വടക്കുകിഴക്കന്‍ മേഖലയില്‍ കനത്ത മഴയും കാറ്റും തീരദേശങ്ങളില്‍ വെള്ളപ്പൊക്കവും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ തുടരുകയാണ്. മണിക്കൂറില്‍ 60 മൈല്‍ വരെ വേഗതയുള്ള കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ന്യൂയോര്‍ക്ക് സിറ്റിയുടെ തീരദേശ മേഖലകളില്‍ വെള്ളപ്പൊക്കത്തിനും കാറ്റിനും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ന്യൂജേഴ്സിയില്‍ ശനിയാഴ്ച രാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവിലുണ്ട്. 

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ എട്ട് തെക്കന്‍ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും വെള്ളപ്പൊക്കം, മിന്നല്‍ പ്രളയം, മണിക്കൂറില്‍ 60 മൈല്‍ വരെ കാറ്റ്, അഞ്ച് ഇഞ്ച് വരെ മഴ എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.