ബെയ്‌റൂട്ട്: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയെ പൊതു ശവസംസ്‌കാരം നടത്തുന്നത് വരെ രഹസ്യ സ്ഥലത്ത് താത്കാലികമായി അടക്കം ചെയ്തു. നസ്റല്ലയുടെ പൊതുസംസ്‌കാര ചടങ്ങുകള്‍ ഹിസ്ബുള്ള ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം ലെബനനോ ഇറാഖോ ആയിരിക്കാം എന്നാണ്.

ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ ഉപദേഷ്ടാവ് അബ്ദുള്‍ അമീര്‍ അല്‍ തെയ്ബാന്‍, ഷിയ മുസ്ലീം സമുദായത്തിന് വളരെയധികം പ്രാധാന്യമുള്ള ഇറാഖിലെ കര്‍ബലയിലെ ഇമാം ഹുസൈന്റെ സമീപത്ത് നസ്രല്ലയെ അടക്കം ചെയ്യുമെന്ന് ട്വീറ്റ് ചെയ്തു.

കൊല്ലപ്പെട്ട തങ്ങളുടെ നേതാവിന്റെ പൊതുസംസ്‌കാരം സംഘടിപ്പിക്കാന്‍ ലെബനന്‍ ഇടനിലക്കാര്‍ മുഖേന അമേരിക്കന്‍ നേതാക്കളില്‍ നിന്ന് ഉറപ്പ് തേടിയിരുന്നു. എന്നിരുന്നാലും, ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ റെയ്ഡുകളുടെ പശ്ചാത്തലത്തില്‍ അത്തരം ഉറപ്പുകളൊന്നും ലഭിച്ചില്ല.

അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തില്‍ നസ്റല്ലയുടെ പ്രതീകാത്മക ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ടെഹ്റാനില്‍ വെള്ളിയാഴ്ച പ്രഭാഷണം നടത്തിയ ഖമേനി, നസ്റല്ലയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രധാന വേദിയില്‍ നസ്റല്ലയുടെ ചിത്രവും പ്രദര്‍ശിപ്പിച്ചിരുന്നു.