ഛണ്ഡീഗഡ്: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയിൽ കോണ്‍ഗ്രസ്- എഎപി സഖ്യ ചർച്ചകള്‍ പുരോഗമിക്കുകയാണ്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ ചർച്ചകൾ പുരോഗമിക്കുകയാണെന്നും തീരുമാനമായിട്ടില്ലെന്നുമാണ് വിഷയത്തില്‍ കോൺഗ്രസ് ഇന്ന് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ വേണമെന്ന് എഎപി ആവശ്യമുന്നയിച്ചതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായത്. കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ ഘട്ട യോഗത്തിലായിരുന്നു എഎപി ആവശ്യമുന്നയിച്ചതെന്നാണ് റിപ്പോർട്ട്.
ഭരണകക്ഷിയായ ബിജെപിക്കെതിരെയുള്ള തന്ത്രരൂപീകരണത്തിന് ആദ്യപടിയായിരുന്നു കോൺഗ്രസിന്റെ യോഗം. എന്നാൽ പാർട്ടിയുടെ താത്പര്യങ്ങളും സഖ്യകക്ഷികളുടെ ആവശ്യങ്ങളും തുല്യമായി എങ്ങനെ നടപ്പിലാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്.
അതേസമയം എഎപിയുമായി സഖ്യത്തിലേർപ്പെടാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു എഎപി നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ്ങിന്റെ പരാമർശം. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യമെന്നും ബിജെപിയുടെ ആക്രമ-വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
20 സീറ്റെന്ന എഎപിയുടെ ആവശ്യം കോൺഗ്രസ് അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. സമാജ്വാദി പാർട്ടി ഉൾപ്പെടെയുള്ള മറ്റ് സഖ്യ കക്ഷികളുടെ ആവശ്യങ്ങളും കോൺഗ്രസ് അംഗീകരിക്കേണ്ടി വരുമെന്നതും സീറ്റ് വിഭജനം സൂഷ്മതയോടെ കൈകാര്യം ചെയ്യുന്നതിൻ്റെ ആവശ്യകത ഉയർത്തുന്നുണ്ട്.
അതേസമയം എഎപി കോൺഗ്രസ് സഖ്യ ചർച്ചകളെ പരിഹസിച്ചാണ് ബിജെപി രംഗത്തെത്തിയത്. ദുർബലരായവരാണ് സഖ്യത്തെ കുറിച്ചാലോചിക്കുന്നത് എന്നായിരുന്നു ബിജെപി എംപി യോഗേന്ദർ ഛന്ദോലിയയുടെ പ്രതികരണം.