ന്യൂഡല്‍ഹി: ഒളിംപിക് ഗുസ്തിയില്‍ അയോഗ്യയാക്കിയ അന്താരാഷ്ട്ര കായിക കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് വിനേഷ് ഫോഗട്ട് തീരുമാനിക്കുകയായിരുന്നെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. അയോഗ്യയാക്കിയ വധിയെ അംഗീകരിക്കുകയാണ് വിനേഷ് ചെയ്തതെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. കേസില്‍ നിയമപരമായി മുന്നോട്ടു പോകേണ്ടതില്ലെന്ന തീരുമാനം എടുത്തത് വിനേഷ് ഫോഗട്ട് തന്നെയാണ്. വീണ്ടും അവസരം ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടും അത് നിരസിക്കുകയായിരുന്നുവെന്നും ഹരീഷ് സാല്‍വെ പറഞ്ഞു.

വിനേഷിന് വെള്ളിക്ക് യോഗ്യതയില്ലെന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനം അന്താരാഷ്ട്ര കായിക കോടതി അംഗീകരിക്കുകയായിരുന്നു. 50 കിലോഗ്രാം ഗുസ്തിയില്‍ ഭാരം കൂടിയതിനെത്തുടര്‍ന്നാണ് വിനേഷിനെ മത്സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെട്ടത്. അനുവദിച്ചതിലും 100 ഗ്രാം ഭാരമാണ് വിനേഷിന് കൂടുതലുണ്ടായിരുന്നത്. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷ് കായിക കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്. ഗെയിംസില്‍ നിന്നും അയോഗ്യയാക്കിയതിന് ശേഷം ഫോഗട്ട് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. 

കഴിഞ്ഞ ദിവസം ഐഒഎയ്‌ക്കെതിരെയും പിടി ഉഷയ്‌ക്കെതിരെയും വിനേഷ് ഫോഗട്ട് ആരോപണം ഉന്നയിച്ചിരുന്നു. അനുവാദം ഇല്ലാതെ തനിക്കൊപ്പം ഫോട്ടോ എടുക്കുക മാത്രമാണ് പി ടി ഉഷ ചെയ്തതെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.