ഹജ്ജ് സീസണിൽ സന്ദർശക വിസയിലുള്ളവരെയോ കൃത്യമായ പെർമിറ്റ് ഇല്ലാത്തവരെയോ മക്കയിലേക്ക് കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി ആഭ്യന്തര മന്ത്രാലയം. നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഒരു ലക്ഷം സൗദി റിയാൽ വരെ പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ്ജ് കർമ്മങ്ങൾ സുഗമമായും സുരക്ഷിതമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ദുൽഖഅ്ദ് ഒന്ന് (ഏപ്രിൽ 20) മുതൽ ദുൽഹജ്ജ് 14 (മെയ് 30) വരെയാണ് ഈ കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്. മക്കയിലേക്കും അറഫ, മിന, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളിലേക്കും അനധികൃതമായി ആളുകളെ കൊണ്ടുപോകുന്നവർക്കാണ് കനത്ത പിഴ ബാധകമാകുക. പിഴയ്ക്ക് പുറമെ, നിയമലംഘനത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കോടതി നടപടികളും സ്വീകരിക്കും. രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം തീർഥാടകരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

ഹജ്ജ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും സൗദിയുടെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിവരങ്ങൾ അറിയിക്കാം. വിവരം നൽകുന്നവരുടെ രഹസ്യസ്വഭാവം പൂർണ്ണമായും സൂക്ഷിക്കുമെന്നും അവർക്ക് യാതൊരു വിധത്തിലുള്ള നിയമപരമായ ബാധ്യതകളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.