കൊച്ചി: എറണാകുളം മഞ്ഞുമ്മലില്‍ സ്വകാര്യ ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്ത് കാര്‍ യാത്രികന്‍. ബസ് കാറില്‍ ഇടിച്ചെന്ന് പറഞ്ഞാണ് ചില്ല് അടിച്ചു തകര്‍ത്തത്. എറണാകുളം-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്‍റെ മുന്‍വശത്തെ ചില്ലാണ് കാര്‍ യാത്രികന്‍ അടിച്ചു തകര്‍ത്തത്.

റോഡിന് നടുവില്‍ ബസ് തടഞ്ഞു നിര്‍ത്തിയാണ് ആക്രമണം നടത്തിയത്. സംഭവ സമയത്ത് ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ബസ് അടിച്ചു തകര്‍ത്തത് യാത്രക്കാരിലും നാട്ടുകാരിലും പരിഭ്രാന്തി സൃഷ്ടിച്ചു.

ബസ് ജീവനക്കാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിക്കായി പോലീസ് പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചു വരികയാണ്.