തിരുവനന്തപുരം നഗരത്തില്‍ ഗുണ്ട ആക്രമണം. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന പിതാവിനെയും, 17 വയസുകാരനായ മകനെയും ഗുണ്ട നേതാവ് തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചത്. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയതാണ് പ്രകോപന കാരമെന്ന് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടുകൂടി വഞ്ചിയൂരിന് സമീപം വച്ചാന് ആക്രമണം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ ശേഷം പ്ലസ് ടു വിദ്യാര്‍ഥിയായ മകനെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുകയായിരുന്നു രാജേഷും മകന്‍ അഭിനവുമാണ് അതിക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

സംഭവത്തെ കുറിച്ച് കുട്ടിയുടെ അമ്മ വിശദീകരിച്ചു. ട്യൂഷന്‍ കഴിഞ്ഞ് വിളിച്ചുകൊണ്ടുവരികയായിരുന്നു. മുന്നില്‍ ഒരു കാര്‍ കിടപ്പുണ്ടായിരുന്നു. ഭര്‍ത്താവ് ഹോണ്‍ അടിച്ചു. സംസാരിക്കാന്‍ സമ്മതിക്കില്ലേടാ എന്ന് പറഞ്ഞ് കാറില്‍ നിന്നിറങ്ങി വന്ന് ഭര്‍ത്താവിന്റെ കഴിത്തിന്റെ പിറകില്‍ ഇടിച്ചു. ബൈക്ക് അദ്ദേഹത്തിന്റെ മേലെ വീണു. കൊച്ച് തെറിച്ച് വീണു. കൊച്ചിനെ താഴെയിട്ട് ചവിട്ടി – അവര്‍ പറഞ്ഞു.

സംഭവത്തിനുശേഷം പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായി ഇടപെടല്‍ ആദ്യഘട്ടത്തില്‍ ഉണ്ടായില്ല എന്നും കുടുംബത്തിന് പരാതിയുണ്ട്. സംഭവം നടന്ന് 15 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസിലെ ഒന്നാംപ്രതി തകരപ്പറമ്പ് കുട്ടനെതിരെ സമാന കേസുകള്‍ വേറെയുമുണ്ട്.