1,425 മലയാളികൾ 700 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് റിപ്പോർട്ട്. ഇത്രയും തുക വായ്പയെടുത്ത് കുടിശ്ശികവരുത്തി നാടു വിട്ടവരെത്തേടി ഗൾഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ കേരളത്തിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

‘ഗൾഫ് ബാങ്ക് കുവൈത്ത് ഷെയർ ഹോൾഡിങ് കമ്പനി പബ്ലിക്’ എന്ന സ്ഥാപനത്തിൽ നിന്നാണ് ഇത്രയും പണം വായ്പയെടുത്തത്. ലോണെടുത്ത് മുങ്ങിയവരിൽ 800 പേരും നഴ്സുമാരാണ്. ഇവരുടെ വിവരങ്ങൾ ബാങ്ക് അധികൃതർ പൊലിസിനു കൈമാറി.

ലോണെടുത്ത് മുങ്ങിയവരിൽ കൂടുതലും കോട്ടയം, എറണാകുളം ഭാഗത്തുള്ള നഴ്സുമാരാണെന്നാണ് വിവരം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ഗൾഫ് ബാങ്ക് അധികൃതർ പരാതി നല്കിയതിന്റെ അടിസ്ഥാനത്തില് എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

ഈ കേസുകളിൽ മാത്രം 10.50 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് തട്ടിപ്പ് നടത്തി കൂട്ടത്തോടെ മലയാളികൾ മുങ്ങിയത് വിശ്വാസ്യതയെ ബാധിക്കുമെന്ന് മലയാളി സമൂഹത്തിനിടയിൽ ആശങ്ക ഉയര്ന്നിട്ടുണ്ട്.

1,425 മലയാളികൾ ആണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാൽ സമാനമായ നിരവധി കേസുകൾ അടുത്ത ഏതാനും വര്ഷങ്ങളിൽ ഉണ്ടായതോടെ സംഭവത്തിന് പിന്നിൽ വൻ ആസൂത്രണമുണ്ടെന്നാണ് കരുതുന്നത്.
ഇപ്പോൾ കുവൈത്ത് ഗൾഫ് ബാങ്ക് മാത്രമാണ് പരാതിയുമായി മുന്നോട്ടുവന്നിട്ടുള്ളത്. വരും ദിവസങ്ങളില് കൂടുതല് ബാങ്കുകൾ രംഗത്തു വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.