വാഷിങ്ടൺ: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കത്തെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ ഏർപ്പെടുത്തിയേക്കും. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സംസാരിക്കവെ ഇത്തരത്തിൽ തീരുവ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ട്രംപ് സൂചിപ്പിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന് ട്രംപ് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. പൂർണ്ണ നിയന്ത്രണത്തിൽ കുറഞ്ഞത് ഒന്നും അംഗീകരിക്കാനാവില്ലെന്നാണ് ഈ ആഴ്ചയും ഗ്രീൻലൻഡിനെ കുറിച്ച് പറഞ്ഞത്.
Add Mathrubhumi as a
trusted source on Google
യുഎസിന്റെ നാറ്റോ സഖ്യകക്ഷികൂടിയായ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ഭൂപ്രദേശമാണ് ഗ്രീൻലൻഡ്. ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ നിറവേറ്റുമെന്നും പ്രതിരോധ കൂട്ടുകെട്ട് ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ട് കൊണ്ടാണ് ട്രംപ് ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.
‘ഗ്രീൻലൻഡ് പദ്ധതിയിൽ സഹകരിച്ചില്ലെങ്കിൽ, ഞാൻ ആ രാജ്യങ്ങൾക്ക് തീരുവ ചുമത്തിയേക്കാം. കാരണം ദേശീയ സുരക്ഷയ്ക്ക് നമുക്ക് ഗ്രീൻലാൻഡ് ആവശ്യമാണ്.’ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ മരുന്നുവില കുറയ്ക്കുന്നതിനുള്ള ഒരു പദ്ധതിയിൽ മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കാൻ തീരുവ ഉപയോഗിച്ചതായും ട്രംപ് പറഞ്ഞു. ഇക്കാര്യം വിശദീകരിച്ചപ്പോഴാണ് ഗ്രീൻലൻഡ് പിടിച്ചെടുക്കൽ പദ്ധതിക്കും തീരുവ ഉപയോഗപ്പെടുത്താൻ താൻ ഒരുങ്ങുന്ന കാര്യം ട്രംപ് പറഞ്ഞത്.
എന്നാൽ, ഈ നീക്കത്തിൽ ഏതൊക്കെ രാജ്യങ്ങളെ ലക്ഷ്യമിടാം എന്നതിനെക്കുറിച്ചോ അല്ലെങ്കിൽ ഏത് അധികാരം ഉപയോഗിക്കുമെന്നതിനെക്കുറിച്ചോ അദ്ദേഹം വിശദീകരിച്ചിട്ടില്ല.
എണ്ണ, വാതകം, അപൂർവ ധാതുക്കൾ എന്നിവയുൾപ്പെടെ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് ഗ്രീൻലൻഡ്. വടക്കേ അമേരിക്കയ്ക്കും ആർട്ടിക് മേഖലയ്ക്കും ഇടയിലുള്ള ഈ പ്രദേശം മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങൾക്കും ഈ മേഖലയിലെ കപ്പലുകൾ നിരീക്ഷിക്കുന്നതിനും അനുയോജ്യമാണെന്നാണ് യുഎസിന്റെ വാദം. ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള യുഎസിന്റെ നീക്കത്തിനെതിരെ ഡെന്മാർക്കിനെ കൂടാതെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതിന് സൈനിക നടപടികളടക്കം ട്രംപ് ആലോചിക്കുന്നതായി നേരത്തെ വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഗ്രീൻലൻഡിനെതിരായ ആക്രമണം നാറ്റോയുടെ അവസാനമായി കണക്കാക്കുമെന്ന് ഡെന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. നാറ്റോയിലെ മറ്റു സഖ്യകക്ഷികളുടെ സഹകരണത്തോടെ അവിടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ഡെന്മാർക്ക് പ്രഖ്യാപിക്കുകയുണ്ടായി. ഫ്രാൻസ്, ജർമനി, നെതർലൻഡ്‌സ്, ഫിൻലൻഡ്, നോർവേ, സ്വീഡൻ എന്നിവയെല്ലാം ഈ ആഴ്ച ദ്വീപിലേക്ക് സൈനികരെ വിന്യസിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വരും ആഴ്ചകളിൽ ഗ്രീൻലൻഡിന്റെ തലസ്ഥാനമായ നൂക്കിൽ കോൺസുലേറ്റുകൾ തുറക്കാൻ പദ്ധതിയിടുന്നതായി കാനഡയും ഫ്രാൻസും അറിയിച്ചിട്ടുണ്ട്.



