ഇന്റർനെറ്റിൽ വിവിധ സൈറ്റുകൽ ബ്രൗസ് ചെയ്യുമ്പോൾ മനുഷ്യനാണെന്ന് തെളിയിക്കേണ്ട ഒരു സാഹചര്യം എല്ലാ ഉപഭോക്താക്കളും നേരിട്ടിട്ടുണ്ടായിരിക്കും. എന്നാൽ ​ഗൂ​ഗിളിന്റെ ഈ ക്യാപ്ച്ച സംവിധാനം മാറ്റത്തിനൊരുങ്ങുകയാണ്. ഇനി മുതൽ ട്രാഫിക് ലൈറ്റും പാലവും കാറും ഒന്നും കണ്ടെത്തി മനുഷ്യനാണെന്ന് തെളിയിക്കേണ്ട ​അവസ്ഥയുണ്ടാകില്ല. പകം എത്തുന്നത് ക്യൂആർ കോഡ് സംവിധാനമാണ്. വെബ്സൈറ്റുകൾ ഉപയോ​ഗിക്കുന്നത് കൂടുതൽ എളുപ്പമാക്കുമെന്നാണ് പറയുന്നതെങ്കിലും സ്വകാര്യതയ്ക്ക് വെല്ലുവിളിയാകുന്ന പ്രശ്നം ഒരു വശത്ത് ഉയർന്നുവന്നിട്ടുണ്ട്.

പുതിയതായി എത്തുന്ന ഈ സംവിധാനം വഴി സ്ക്രീനിൽ വരുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യേണ്ടിവരും. 2025 ഒക്ടോബറിൽ വെബ്‌സൈറ്റുകളിൽ ഈ സിസ്റ്റം പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. പരമ്പരാഗത ഇമേജ്-റെക്കഗ്നിഷൻ ടെസ്റ്റുകളെ ആശ്രയിക്കാതെ സംശയാസ്പദമായതോ അപകടസാധ്യതയുള്ളതോ ആയ വെബ് പ്രവർത്തനം കണ്ടെത്തുന്നതിനാണ് ക്ലൗഡ് ഫ്രോഡ് ഡിഫൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അതേസമയം ഈ സംവിധാനം സ്വകാര്യതയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഏത് ബ്രൗസറിൽ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്തില്ലെങ്കിലും, ഈ സംവിധാനം വഴി ഉപയോക്താവിന്റെ വെബ്സൈറ്റ് സന്ദർശന വിവരങ്ങൾ ഫോണുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടും. അതിനാൽ ഉപയോക്താവ് സന്ദർശിക്കുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഗൂഗിളിന് എളുപ്പത്തിൽ ലഭിക്കാൻ പുതിയ സംവിധാനം വഴിയൊരുക്കും.