സഹകരണ ബാങ്കിൽ പണയം വെച്ച 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടം വെച്ച് ജീവനക്കാരൻ മുങ്ങി. ഇരിട്ടി ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൻ്റെ കച്ചേരിക്കടവ് ശാഖയിലാണ് സംഭവം.

കച്ചേരിക്കടവ് ശാഖയിലെ കാഷ്യറായ സുധീർ തോമസാണ് നിരവധി ഇടപാടുകാർ ബാങ്കിൽ പണയം വെച്ച സ്വർണ്ണം അപഹരിച്ച് പകരം മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയത്. 60 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന സുധീർ തോമസ് ഒളിവിൽ പോയതായി ബാങ്ക് സെക്രട്ടറി അനീഷ് കുര്യൻ നൽകിയ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 29ന് ബാങ്കിലെത്തിയ പ്രവാസിയായ ഒരു ഇടപാടുകാരൻ താൻ പണയം വെച്ച സ്വർണ്ണാഭരണം തിരികെ എടുത്ത് വീട്ടിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് തനിക്ക് ലഭിച്ചത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഇയാൾ ബാങ്കിലെത്തി പരാതി നൽകി. ഇതിനെത്തുടർന്ന് ബാങ്ക് സെക്രട്ടറി കച്ചേരിക്കടവ് ശാഖയിൽ നേരിട്ടെത്തി പണയവസ്തുക്കൾ പരിശോധിച്ചപ്പോഴാണ് വലിയ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടത്.

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ സുധീർ തോമസ് ഓടി രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സി.പി.എം പ്രാദേശിക നേതാവ് കൂടിയാണ് തട്ടിപ്പ് നടത്തിയ സുധീർ തോമസ് എന്നത് ശ്രദ്ധേയമാണ്.