സുഡാനിലെ പ്രധാന നഗരങ്ങളിലൊന്നായ എൽ-ഫാഷർ, റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF) പിടിച്ചെടുത്ത ആദ്യ ദിവസങ്ങളിൽ നടന്ന അതിക്രൂരമായ കൊലപാതകങ്ങളെക്കുറിച്ച് ദൃക്‌സാക്ഷികൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. തെരുവുകളിലൂടെ ഓടിയവരെ വെടിവച്ചും ട്രക്കുകൾ കയറ്റിയും കൊലപ്പെടുത്തിയെന്നും സാധാരണക്കാരായവർ ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായെന്നും റിപ്പോർട്ടുണ്ട്. ഈ നഗരത്തിന്റെ പതനം ഡാർഫർ മേഖലയിലെ ആർഎസ്എഫിന്റെ നിയന്ത്രണം ഉറപ്പിച്ചു.
കനത്ത ഷെല്ലാക്രമണത്തിനിടയിൽ രക്ഷപെടാൻ ശ്രമിച്ച ഒരുകൂട്ടം ആളുകളെ ആർഎസ്എഫ് ട്രക്കുകൾ വളയുകയും മെഷീൻഗണ്ണുകൾ ഉപയോഗിച്ച് അവരെ വെടിവയ്ക്കുകയും ചെയ്തു. “ചെറുപ്പക്കാർ, പ്രായമായവർ, കുട്ടികൾ തുടങ്ങിയവരെല്ലാം ട്രക്കിനടിയിൽപ്പെട്ട് മരിച്ചതായി” ഒരു ദൃക്‌സാക്ഷി പറയുന്നു. “ഒരു തെരുവിൽ അൻപതിലധികം പേരെ അവർ വെടിവച്ചു കൊന്നു” എന്ന് മറ്റൊരു ദൃക്‌സാക്ഷിയായ മുബാറക് പറയുന്നു. വീടുകൾ റെയ്ഡ് ചെയ്യപ്പെട്ടു, പരിക്കേറ്റവരും പ്രായമായവരും ഉൾപ്പെടെ നിരവധി പേർക്ക് വീടിനുള്ളിൽ വച്ചുതന്നെ ജീവൻ നഷ്ടമായി.
തെരുവിലിറങ്ങിയ എല്ലാവരും ഡ്രോണുകളുടെയും വെടിയുണ്ടകളുടെയും ലക്ഷ്യമായിരുന്നു. ഡ്രോണുകൾ സാധാരണക്കാരെ ലക്ഷ്യമിട്ടതായി എൽ-ഫാഷർ നിവാസികൾ പറയുന്നു. ദൃക്‌സാക്ഷികളിൽ ഒരാളായ അബ്ദുള്ള, ഒരിടത്തു മാത്രം 40 മൃതദേഹങ്ങൾ കണ്ടതായി വെളിപ്പെടുത്തി.
യേൽ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ, നഗരത്തിന്റെ പല ഭാഗങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്റെ സൂചന നൽകുന്നു. കൂട്ടക്കുഴിമാടങ്ങൾ ഉണ്ടാക്കിയതിന്റെ ലക്ഷണങ്ങളും ചിത്രങ്ങളിൽ കാണാം.
“കൊലപാതകം, ബലാത്സംഗം, വംശീയ അതിക്രമം” എന്നിവ തുടരുന്നതിനെ താൻ ഭയപ്പെടുന്നതായി യുഎൻ മനുഷ്യാവകാശ മേധാവിയായ വോൾക്കർ ടർക്ക് പറഞ്ഞു. ആർഎസ്എഫ് താൽക്കാലിക വെടിനിർത്തലിനു സമ്മതിച്ചതായി പറയുന്നുണ്ടെങ്കിലും, ഇതിന് മുൻപ് ഒപ്പിട്ട ഒരു വെടിനിർത്തൽ കരാറും വിജയിച്ചിട്ടില്ല. പലായനം ചെയ്യാൻ ശ്രമിച്ചവർപോലും ആർഎസ്എഫിന്റെ അപകടകരമായ പരിശോധനകൾക്കും തട്ടിക്കൊണ്ടുപോകലിനും ഇരയാവുകയാണ്.



