നവംബർ 16 ന് ആചരിക്കുന്ന 2025 ലെ ദരിദ്രരുടെ ലോകദിനത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ്, ലെയോ പതിനാലാമൻ മാർപാപ്പയുടെ കീഴിൽ ദരിദ്രർക്കായി ആദ്യത്തെ അലക്കുശാല തുറന്നു. ദരിദ്രർക്കായുള്ള പേപ്പൽ അലക്കുശാലകൾക്ക് പരമ്പരാഗതമായി ആ സമയത്ത് പദവിയിലിരിക്കുന്ന മാർപാപ്പയുടെ പേരാണ് നൽകിയിരുന്നത്. എന്നാൽ പാരമ്പര്യങ്ങൾക്കതീതമായി ലെയോ പതിനാലാമൻ മാർപാപ്പ അവയ്ക്ക് വി. ഫ്രാൻസിസ് അസീസിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടു.
നവംബർ ആറിനാണ്, വടക്കൻ ഇറ്റാലിയൻ നഗരമായ പാർമയിൽ ലെയോ പാപ്പയ്ക്കു കീഴിലുള്ള ആദ്യത്തെ അലക്കുശാല തുറന്നത്. ഇതൊരു ചെറിയ കാര്യമായി തോന്നുമെങ്കിലും “ദരിദ്രർക്ക് വസ്ത്രങ്ങൾ കഴുകാനും മാറ്റാനും ഒരു സ്ഥലം ഉണ്ടായിരിക്കുക എന്നത് ജീവിതത്തെ പരിവർത്തനം ചെയ്യുന്ന ഒന്നാണ്” എന്ന് അൽമോണറും ഡിക്കാസ്റ്ററി ഫോർ ദി സർവീസ് ഓഫ് ചാരിറ്റിയുടെ പ്രിഫെക്റ്റുമായ കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി പറയുന്നു.
ദിവ്യബലിക്കു ശേഷമായിരുന്നു പാർമയിലെ അലക്കുശാല തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചത്. തുടർന്ന് ആവശ്യക്കാർക്കായി ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. വർഷം മുഴുവനും അലക്കു ഡിറ്റർജന്റുകൾ നൽകിയിരുന്ന പ്രോക്ടർ & ഗാംബിളിന്റെ പിന്തുണയോടെ, റോം ഉൾപ്പെടെ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ വ്യാപകമായിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അലക്കുശാലകളുടെ പാത പിന്തുടരുന്നതാണ് ഈ സംരംഭം.
2017 ൽ വത്തിക്കാൻ സിറ്റിയിലാണ് ഇത് ആദ്യമായി ആരംഭിച്ചത്. പിന്നീട് റെജിയോ കാലാബ്രിയയിലെ ജെനോവ, ടൂറിൻ, നേപ്പിൾസ്, കാറ്റാനിയ, സാൻ ഫെർഡിനാൻഡോ എന്നിവിടങ്ങളിലും തുറന്നു. ദരിദ്രർക്കും ഭവനരഹിതർക്കും വ്യക്തിഗത ശുചിത്വത്തിനും അലക്കുശാലയ്ക്കും ആവശ്യമായതെല്ലാം സൗജന്യമായി കണ്ടെത്താൻ കഴിയുന്ന സ്ഥലങ്ങളാണ് ഈ അലക്കുശാലകൾ. അവർക്ക് കുളിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട് എന്ന് വത്തിക്കാന്റെ പത്രക്കുറിപ്പിൽ പറയുന്നു.
“അത് അവരുടെ അന്തസ്സ് തിരികെ നൽകുന്നു” – കർദിനാൾ ക്രാജെവ്സ്കി ആ സ്ഥലത്തെക്കുറിച്ചു പറഞ്ഞു “വസ്ത്രങ്ങൾ വൃത്തിയായിരിക്കുമ്പോൾ തെരുവുകളിലെ മറ്റുള്ളവരിൽ നിന്ന് അവർ വ്യത്യസ്തരല്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.



