മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനക്ഷമമാകാതെ പാകിസ്ഥാനിലെ അന്താരാഷ്ട്രവിമാനത്താവളം. പൂര്‍ണമായും ചൈനയുടെ ധനസഹായത്തോടെ നിര്‍മ്മിച്ച വിമാനത്താവളം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. 24 കോടി ഡോളര്‍ (ഏകദേശം 2080 കോടി രൂപ) ആണ് ഗ്വാദര്‍ വിമാനത്താവളത്തിനായി ചൈന നല്‍കിയത്. 2024 ഒക്ടോബറില്‍ പണി പൂര്‍ത്തിയാകുകയും ഇക്കൊല്ലം ജനുവരി 20ന് വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.

2019 ലാണ് ഗ്വാദര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 4,300 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളം പാകിസ്ഥാന്റെ ഏറ്റവും ബൃഹത്തായ വിമാനത്താവളമാണ്. ഉദ്ഘാടന ദിവസം പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള യാത്രക്കാരുമായി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. വര്‍ഷത്തില്‍ നാല് ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ രൂപകല്‍പനയെങ്കിലും പിന്നീടിന്നുവരെ ഗ്വാദര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിട്ടില്ല.

ചൈനയുടെ ഷിന്‍ജിയാങ് പ്രവിശ്യയെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയായ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സി.പി.ഇ.സി.)യുടെ ഭാഗമാണ് ഗ്വാദര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ നിര്‍മ്മാണം. ബലൂചിസ്താനിലെ അവികസിതമായ ഒരു പ്രദേശമാണ് ഗ്വാദര്‍. സ്ഥിരമായ വൈദ്യുതി ലഭ്യതയോ ശുദ്ധജലവിതരണമോ നിലവിലില്ലാത്ത ഗ്വാദറില്‍ അന്താരാഷ്ട്രവിമാനത്താവളം വന്നത് പ്രദേശത്തെ വികസനത്തിലേക്ക് നയിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

എന്നാല്‍ വിമാനത്താവളം പാകിസ്ഥാനോ ഗ്വാദറിനോ വേണ്ടിയല്ലെന്നാണ് പാകിസ്ഥാന്‍-ചൈന ബന്ധത്തെ വിലയിരുത്തുന്ന നയതന്ത്രജ്ഞന്‍ അസീം ഖാലിദ് അസ്സോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു. ഇത് ചൈനയ്ക്ക് വേണ്ടിയാണ്, ഗ്വാദറിലേക്കും ബലൂചിസ്താനിലേക്കും ചൈനീസ് പൗരര്‍ക്ക് ഇതിലൂടെ സുഗമമായി പ്രവേശനം സാധ്യമാകും, അസീം ഖാലിദ് പറഞ്ഞു.

ബലൂചിസ്താനില്‍ സുരക്ഷാഭീഷണികള്‍ നിലവിലിരിക്കുന്ന സന്ദര്‍ഭത്തിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം നടന്നത്. പ്രാദേശിക ചൂഷണമാണ് നടക്കുന്നതെന്ന് ആരോപിച്ച് വിഘടനവാദികള്‍ പാകിസ്ഥാനിലെ സുരക്ഷാസേനകള്‍ക്കും ചൈനയില്‍നിന്നെത്തിയ തൊഴിലാളികള്‍ക്കും നേര്‍ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.