ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ‘ഗാസ പീസ് ബോര്‍ഡ്’ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയ്ക്ക് പകരമായി ഒരു സമാന്തര സംവിധാനം എന്ന നിലയിലാണ് ട്രംപ് ഭരണകൂടം ഇതിനെ വിഭാവനം ചെയ്യുന്നത് എ്ന്നാണ് പൊതുവേ വിലയിരുത്തുന്നത്.
യുഎന്നിന് പകരമുള്ള സംവിധാനം യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി (UNRWA) ഉള്‍പ്പെടെയുള്ള യുഎന്‍ സംവിധാനങ്ങള്‍ പരാജയമാണെന്നും അവയ്ക്ക് ഹമാസുമായി ബന്ധമുണ്ടെന്നുമാണ് ട്രംപിന്റെ ആരോപണം. ഇതിന് ബദലായി ഗാസയിലെ പുനര്‍നിര്‍മ്മാണവും സഹായ വിതരണവും പൂര്‍ണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഒരു സ്വകാര്യ ബോര്‍ഡിലേക്ക് മാറ്റാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
പതിറ്റാണ്ടുകളായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ സംവിധാനങ്ങളെ പാടെ മാറ്റിനിര്‍ത്തുന്ന ഒന്നായിരിക്കും ഈ പീസ് ബോര്‍ഡ് എന്നു സാരം. യൂറോപ്പിലെ പ്രധാന ശക്തിയായ ഫ്രാന്‍സ് ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. യുഎന്‍ സംവിധാനങ്ങളെ മറികടന്നുകൊണ്ടുള്ള ഇത്തരം പരീക്ഷണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍ യുഎന്നിന് മാത്രമേ സാധിക്കൂ എന്നുമാണ് ഫ്രാന്‍സിന്റെ നിലപാട്.
പീസ് ബോര്‍ഡുമായി സഹകരിക്കാനില്ലെന്ന് ഫ്രാന്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ട്രംപിന്റെ നയതന്ത്ര നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. ഗാസ പീസ് ബോര്‍ഡില്‍ ചേരാനുള്ള ക്ഷണം നിരസിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ അതിശക്തമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള വൈന്‍, ഷാംപെയ്ന്‍ എന്നിവയ്ക്ക് 200% താരിഫ് (നികുതി) ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
‘മാക്രോണ്‍ പീസ് ബോര്‍ഡില്‍ ചേരണമെങ്കില്‍ ചേരട്ടെ, ഇല്ലെങ്കില്‍ 200% നികുതി കൊടുക്കട്ടെ’ എന്നതായിരുന്നു ട്രംപിന്റെ പരിഹാസം. സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെ ഫ്രാന്‍സിനെ വരുതിയിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. കൂടാതെ ഗ്രീന്‍ലാന്‍ഡ് വിഷയത്തിലും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ നികുതി ഭീഷണി നിലനില്‍ക്കുന്നുണ്ട്.
പരമ്പരാഗതമായി അമേരിക്കയുടെ അടുത്ത സുഹൃത്താണെങ്കിലും, കാനഡയും ഈ വിഷയത്തില്‍ ട്രംപിനൊപ്പം നില്ക്കാന് തയ്യാറായിട്ടില്ല. ബഹുമുഖ അന്താരാഷ്ട്ര സംവിധാനങ്ങളെ തകര്‍ക്കുന്ന നീക്കമാണിതെന്ന് കാനഡ കരുതുന്നു. ഗാസയിലെ പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള നീക്കങ്ങളാണ് വേണ്ടതെന്ന നിലപാടില്‍ കാനഡ ഉറച്ചുനില്‍ക്കുകയാണ്. ഇത് ട്രംപ് ഭരണകൂടവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. സഹകരിക്കാത്ത രാജ്യങ്ങളെ വരുതിയിലാക്കാന്‍ ‘താരിഫ്’ എന്ന സാമ്പത്തിക ആയുധമാണ് ട്രംപ് പ്രയോഗിക്കുന്നത്. പീസ് ബോര്‍ഡുമായി സഹകരിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഭീമമായ നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
വ്യാപാര ബന്ധങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ട്രംപിന്റെ ഈ ശൈലി യൂറോപ്യന്‍ രാജ്യങ്ങളെയും കാനഡയെയും ഒരുപോലെ പ്രകോപിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ട്രംപിന്റെ ഈ കടുപ്പിത്തം ലോകക്രമത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം. അമേരിക്കയുടെ സാമ്പത്തിക ഭീഷണിയെ ഭയന്ന് ചില രാജ്യങ്ങള്‍ ബോര്‍ഡുമായി സഹകരിച്ചേക്കാമെങ്കിലും, പ്രധാന ജനാധിപത്യ രാജ്യങ്ങളുടെ വിയോജിപ്പ് പീസ് ബോര്‍ഡിന്റെ വിശ്വാസ്യതയെ ബാധിക്കും.
യുഎന്നിനെ ദുര്‍ബലപ്പെടുത്തുന്ന ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയെ ഒറ്റപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യുഎന്നിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ് ഈ പുതിയ പീസ് ബോര്‍ഡ് എന്ന് പരക്കെ വിമര്‍ശനമുണ്ട്. എന്നിരുന്നാലും, യുഎന്‍ രക്ഷാസമിതിയില്‍ ട്രംപിന്റെ ഗാസ സമാധാന പദ്ധതിയോട് അനുകൂലമായ ചില നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2025 നവംബറില്‍ യുഎന്‍ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പ്ലാനിന് പിന്തുണ നല്കുന്ന പ്രമേയം പാസാക്കിയിരുന്നു.
13 രാജ്യങ്ങള്‍ ഈ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അമേരിക്കയുടെ ‘സ്വകാര്യ താല്‍പ്പര്യങ്ങള്‍’ സമാധാന പദ്ധതിയെ സ്വാധീനിക്കുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്. ഗാസ പീസ് ബോര്‍ഡ് കേവലം ഒരു സമാധാന സമിതിയല്ല, മറിച്ച് ഒരു ‘പേ ആന്‍ഡ് പ്ലേ’ മോഡലിലാണ് ട്രംപ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബോര്‍ഡില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ രാജ്യങ്ങള്‍ ഏകദേശം 100 കോടി ഡോളര്‍ നല്‍കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ഫ്രാന്‍സിനെപ്പോലുള്ള രാജ്യങ്ങളെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളെയും ഈ സമിതിയിലേക്ക് അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, യുഎന്നിന്റെ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ അതിന് സമാന്തരമായ ഒരു ‘അമേരിക്കന്‍ നിയന്ത്രിത’ സമാധാന ബോര്‍ഡ് സ്ഥാപിക്കാനാണ് ട്രംപ് നീക്കം നടത്തുന്നത് എന്നും ആരോപണമുണ്ട്.



